സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളില്‍ യുവനടിമാര്ക്കെതിരേയുള്ള ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിന് മുന്നില്‍ കടമ്പകള്‍ ഏറെ.
സംഭവസമയത്തെ ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിനെ കേസില്‍ മുന്നോട്ടു നയിക്കാന്‍ സഹായകമായിട്ടുള്ളത്. മാള്‍ പരിസരത്തുമാത്രം ഇരുന്നൂറിലധികം കാമറകളാണുള്ളത്.
ഇതിലെ ദൃശ്യങ്ങള്‍ മുഴുവനായി പരിശോധിക്കുക എന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. മാത്രമല്ല രാത്രിയിലാണ് അക്രമമുണ്ടായത് എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
എങ്ങനെ കണ്ടെത്തും
മാളിന് ഉള്ളില്‍ നല്ല രീതിയില്‍ തന്നെ വെളിച്ചമുണ്ടായിരുന്നുവെങ്കിലും പുറത്തെ കാമറകളിലെ ദൃശ്യങ്ങളുടെ സ്ഥിതി അങ്ങനെ അല്ലെന്നാണ് പോലീസ് നല്കുന്ന സൂചന.
സംഭവസമയത്ത് ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്മാരില്നിന്നു ദൃശ്യങ്ങള്‍ ശേഖരിച്ചും അന്വേഷണം നടത്താനാണ് തീരുമാനം. ആളെ മനസിലായാല്‍ തന്നെ ഇയാളെ എങ്ങിനെ കണ്ടെത്തുമെന്നതും മറ്റൊരുവെല്ലുവിളിയാണ്.
സംഭവം വലിയ രീതിയില്‍ വാര്‍ത്തയായതോടെ ഇയാള്‍ മുങ്ങാനുള്ള സാധ്യതയും പോലീസ് കാണുന്നു.
മേൽവിലാസം അറിയില്ല
മാളില്‍ എത്തുന്നവരുടെ മേല്‍വിലാസം അറിയാനുള്ള സംവിധാനം നിലവിലില്ല. അതേസമയം അക്രമം നടത്തിയ ആള് ഏതെങ്കിലും കടയില്‍ കയറി ഷോപ്പിംഗ് നടത്തിയുട്ടുണ്ടെങ്കില്‍ ഫോണ്‍ നമ്പര്‍ ഷോപ്പുകാര്‍ വാങ്ങി വക്കാനുള്ള സാധ്യതമാത്രമാണ് മുന്നിലുള്ളത്.
പിന്നെ സ്വന്തം വാഹനത്തിലാണ് വന്നതെങ്കില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് ദൃശ്യങ്ങള്‍ പരിശോധിച്ച് വണ്ടി നമ്പറും കണ്ടു പിടിക്കാം. അപ്പോഴും സാധ്യതകള്‍ മാത്രമാണ് പോലീസിനെ നയിക്കുന്നത്.
ശാസ്ത്രീയ പരിശോധന
ദിവസങ്ങള്‍ കഴിയുന്നതോടെ നടിമാര്‍ക്ക് ആളെ തിരിച്ചറിയാന്‍ കഴിയുമോ എന്ന കാര്യവും മറ്റൊരു പ്രതിസന്ധിയാണ്.
ഇന്നലെ കോറിഡോര്‍, പ്രവേശന കവാടം എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പന്തീരാങ്കാവ് പോലീസ് പരിശോധിച്ചത്.
പരിപാടിയുടെ ലഭ്യമായ ദൃശ്യങ്ങള്‍ സൈബര്‍ ഡോമില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും. ഒരു ദൃശ്യത്തില്‍ നടി അടിക്കുന്ന ആളെ വ്യക്തമാണെങ്കിലും അടികിട്ടിയ ആള്‍ക്കൊപ്പം തന്നെ മറ്റ് രണ്ട് പേര് കൂടി ഉണ്ടായിരുന്നു.
ഇതിലാരാണ് നടിയെ കയ്യേറ്റം ചെയ്തതെന്ന് വ്യക്തമല്ല. ശാസ്ത്രീയ പരിശോധനയിലേ ഇക്കാര്യം വ്യക്തമാവൂ. മാളില്‍നിന്നുള്ള ദൃശ്യങ്ങളില്‍നിന്ന് കാര്യമായ സൂചന ലഭിക്കാത്തതിനാലാണ് വിപുലമായ പരിശോധന നടത്താന്‍ തീരുമാനിച്ചത്. പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും സംഘാടകരില്‍നിന്ന് പൊലീസ് ശേഖരിക്കുന്നുണ്ട്.
ചൊവ്വാഴ്ചയാണ് സിനിമയുടെ പ്രൊമോഷന് പരിപാടിക്കായി എത്തിയ രണ്ട് നടിമാര്‍ക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്.
ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പേരാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞു. കണ്ടാല്‍ തിരിച്ചറിയാവുന്ന ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.