കൊച്ചി: നടന് ദിലീപ് ഉള്‍പ്പെട്ട കേസില്‍ ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്നാരംഭിക്കും. ക്രോസ് വിസ്താരം മൂന്ന് ദിവസം നീണ്ടേക്കും. കോവിഡ് മൂലം നീണ്ട ഇളവേളയ്ക്കുശേഷമാണു വിചാരണ സജീവമാകുന്നത്.
പ്രൊസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. നടിയുടെ സഹോദരന്, നടി രമ്യാ നമ്പീശന്, സംവിധായകന് ലാലിന്റെ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും ഇതിനുശേഷം നടക്കും.
ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. നടന് സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിൻരെ തീയതിയും നിശ്ചയിക്കാനുണ്ട്. സിദ്ദീഖിനെ മുമ്പ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും കോടതിയിലെ തിരക്കുമൂലം മാറ്റിവയ്ക്കുകയായിരുന്നു.
ഭാമയെ വിസ്തരിക്കുന്നത് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നീട്ടിയത്. നടന് ദിലീപും ഇന്ന് കോടതിയിലെത്തിയേക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന് ദീലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പോലിസിന്റെ അന്വേഷണം തൃപ്തികരമാണെന്നു വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.
2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം. തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണു നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണു പ്രോസിക്യൂഷന്റെ ആരോപണം. ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.