കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കണ്ടാലോ, പകർത്തുകയോ, ഇതിൽ കൂട്ടിച്ചേർക്കുകയോ, നീക്കം ചെയ്യുകയോ ചെയ്താൽ ഹാഷ് വാല്യൂവിൽ മാറ്റം വരുമെന്ന് ഫോറൻസിക് അസി. ഡയറക്ടർ ദീപ ഹൈക്കോടതിയിൽ അറിയിച്ചു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി പരിഗണിക്കവേയാണ് ഫോറൻസിക് വിദഗ്ധദ ഓണ്ലൈൻ മുഖാന്തരം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
തുടർന്ന് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് ഹാഷ് വാല്യു മാറ്റവുമായി ബന്ധപ്പെട്ട സംശയങ്ങൾ അസി. ഡയറക്ടറോടു ചോദിച്ചു മനസിലാക്കി.
കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കേണ്ട സാഹചര്യമെന്താണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടു പ്രോസിക്യൂഷൻ കോടതിയിൽ നൽകി.
പരിശോധന കേന്ദ്ര ഫോറൻസിക് ലാബിൽ നടത്താം
അതേസമയം, മെമ്മറി കാർഡിന്റെ പരിശോധന കേന്ദ്ര ഫോറൻസിക് ലാബിൽ നടത്തുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
ഹർജി പരിഗണിക്കവെ മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തെന്നാണ് ഹാഷ് വാല്യൂവിലെ മാറ്റത്തിലൂടെ വ്യക്തമാകുന്നതെന്നും ഇക്കാര്യം പരിശോധിച്ച് തെളിവു നശിപ്പിച്ചിട്ടുണ്ടോ എന്നുറപ്പാക്കണമെന്നും സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ആവശ്യപ്പെട്ടു.
വിചാരണ വൈകിപ്പിക്കാനുള്ള നീക്കം
പ്രോസിക്യൂഷൻ ഗൂഢലക്ഷ്യത്തോടെയാണ് മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെടുന്നതെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയർ അഡ്വ. ബി. രാമൻപിള്ള വാദിച്ചു. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണിത്.
കോടതിയുടെ കൈവശം സൂക്ഷിക്കുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റം വന്നാൽ പ്രതികൾ ഉത്തരവാദിയല്ല. ആ നിലയ്ക്ക് കേസിന്റെ വിചാരണയെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറ്റം ഒരുതരത്തിലും ബാധിക്കില്ലെന്നും പുകമറ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
എന്നാൽ കോടതിയുടെ കസ്റ്റഡിയിലുള്ള കാർഡിന്റെ ഹാഷ് വാല്യൂ എന്നാണ് മാറിയതെന്ന് അറിയണമെന്നും ഇതു മാറിയതിന്റെ പരിണിതഫലം എന്താണെന്ന് അറിയണമെന്നും സർക്കാർ മറുപടി നൽകി.
ഇതിനപ്പുറം ഒരു ലക്ഷ്യവും പ്രോസിക്യൂഷനില്ല. ഹാഷ് വാല്യൂ മാറ്റം നിയമപരമായി വിശദീകരിക്കാനായില്ലെങ്കിൽ വിചാരണയിൽ പ്രതിഭാഗം ഇതു വിനിയോഗിക്കുമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വിശദീകരിച്ചു. ഹർജിയിൽ വാദം ചൊവ്വാഴ്ച തുടരും.