കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത് ഇന്ന് വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും.
വിചാരണ കോടതി കഴിഞ്ഞ ജനുവരി നാലിന് പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചു തുടരന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നാണു ക്രൈംബ്രാഞ്ചിനെതിരെയുള്ള ആരോപണം.
കഴിഞ്ഞ ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു എം. പൗലോസ് വിചാരണ കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു.
എന്നാല്‍ ഇത് തൃപ്തികരമല്ലെന്നായിരുന്നു കോടതി അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് എഡിജിപിയോട് റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദേശിക്കുയായിരുന്നു.
തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സൂചന.
അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15ന് അവസാനിച്ചിരുന്നു. അതേസമയം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ചോദിച്ചേക്കുമെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
കേസില്‍ ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ട്. കേസിലെ സാക്ഷിയായ കാവ്യ മാധവനെ ഇനിയും ചോദ്യം ചെയ്തിട്ടില്ല. ഈയാഴ്ച ചോദ്യം ചെയ്യലുണ്ടായേക്കും.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇനിയും പലരെയും ചോദ്യം ചെയ്യാനുമുണ്ട്. അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് നല്കിയ അപേക്ഷയും കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.
സായ് ശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും
തുടരന്വേഷണത്തിന്റെ ഭാഗമായി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ഇന്നു ചോദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
ഇയാളെ നേരത്തെ വിളിപ്പിച്ചെങ്കിലും ആരോഗ്യകാരണങ്ങളാല്‍ മറ്റൊരു ദിവസം ആവശ്യപ്പെടുകയായിരുന്നു. വധഗൂഢാലോചനാ കേസില്‍ ഏഴാം പ്രതിയായ സായ് ശങ്കര്‍ ജാമ്യത്തിലാണ്.
അനൂപിനെയും സുരാജിനെയും നാളെ ചോദ്യം ചെയ്യും
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരന് അനൂപിനും സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജിനും അന്വേഷണസംഘം വീണ്ടും നോട്ടീസ് നല്കി.
നാളെ ആലുവ പോലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം. രാവിലെ അനൂപും ഉച്ചയ്ക്കു ശേഷം സുരാജും ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സുരാജിനോട് മൊബൈല്‍ ഫോണ്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ ഇരുവരെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നെങ്കിലും അവര്‍ ഹാജരായില്ല. ഇതേത്തുടര്‍ന്ന് ഇരുവരുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ച് മടങ്ങി.
കഴിഞ്ഞ ദിവസം ഇരുവരും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സന്നദ്ധരാണെന്ന് അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.
കാവ്യയെ കുറ്റപ്പെടുത്തിക്കൊണ്ട് സുരാജിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങളിലടക്കം വിശദമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്.