പാലാ: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഒൻപതാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സനിൽകുമാർ എന്ന മേസ്തിരി സനലിനെ പാലായിൽ നിന്നാണ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാൾ പാലായിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.
ജാമ്യം ലഭിച്ച ശേഷമാണ് പ്രതി ഒളിവിൽ പോയത്. പിന്നീട് കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതോടെ കോടതി ഇയാളുടെ ജാമ്യം അടുത്തിടെ റദ്ദാക്കിയിരുന്നു. ജാമ്യാക്കാരെ കോടതി വിളിച്ചുവരുത്തുകയും പ്രതിയെ ഹാജരാക്കിയില്ലെങ്കിൽ പിഴയായി 80,000 രൂപ വീതം ജാമ്യക്കാർ കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരുമെന്നും അറിയിച്ചിരുന്നു.