കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും.
മൂന്നു മാസം കൂടി സമയം നീട്ടിനൽകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. ഡിജിറ്റൽ തെളിവുകളിൽ ലഭിച്ചിരിക്കുന്ന ഫോറൻസിക് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും ചോദ്യം ചെയ്യൽ പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഈ മാസം 31 നകം അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
അതിജീവിതയുടെ ഹർജി ബുധനാഴ്ചത്തേക്ക് മാറ്റി
കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ജൂൺ ഒന്നിന് പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് ഹർജി മാറ്റിയത്.
ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്.
കേസിൽ കുറ്റപത്രം നൽകുന്നത് തടയണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഹർജിയിലെ ആക്ഷേപങ്ങൾ ശരിയല്ലെന്നാണ് സർക്കാരിന്റെ വാദം.