കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ തുടർ വിചാരണ നാളെ ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്. ഇതു സംബന്ധിച്ച നോട്ടീസ് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും ലഭിച്ചു.
വിചാരണ നടത്താൻ വനിത ജഡ്ജിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ അഡീ. സെഷൻസ് ജഡ്ജിയായ ഹണി എം. വർഗീസിനെയാണ് കേസ് ഏൽപ്പിച്ചിരിക്കുന്നത്.
ഹണി എം. വർഗീസിനു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ അങ്ങോട്ടു മാറ്റുന്നത്.
അതേസമയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിചാരണ നടത്തിയാൽ നീതി കിട്ടില്ലെന്നു കാണിച്ച് അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകി.
കേസിന്റെ വിചാരണ നടപടികൾ പ്രത്യേക സിബിഐ കോടതിയിൽനിന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നാണ് അതിജീവിതയുടെ ആവശ്യം.
കേസിൽ തുടരന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച അനുബന്ധ കുറ്റപത്രവും പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.