കൊച്ചി: നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ തുടരന്വേഷണ സാധ്യത തുറന്നിട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലുള്ളതായാണ് സൂചന.
ഫോണിലെ തെളിവു നശിപ്പിച്ച സംഭവത്തിലും ദൃശ്യങ്ങൾ ചോർന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നതായാണ് അനുബന്ധ കുറ്റപത്രത്തിലുളളത്.
ദിലീപിന്റെ അഭിഭാഷകർക്ക് എതിരേയുള്ള അന്വേഷണവും അവസാനിപ്പിട്ടില്ലെന്ന് അനുബന്ധ കുറ്റപത്രത്തിലുണ്ട്.
വിചാരണ ഒരുമാസത്തിനകം തുടങ്ങിയേക്കും
കേസിലെ വിചാര നടപടികൾ ഒരു മാസത്തിനകം തുടങ്ങിയേക്കുമെന്നാണ് സൂചന. തുടരന്വേഷണം നടക്കുന്നതിനാൽ വിചാരണ നടപടികൾ നിർത്തിവച്ചിരിക്കുകയാണ്.
പീഡന ദൃശ്യങ്ങൾ ദിലീപ് കണ്ടതിന് തെളിവുണ്ടെന്നു ക്രൈംബ്രാഞ്ച്
കേസിൽ പീഡന ദൃശ്യങ്ങൾ ദിലീപ് കണ്ടതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. 2017ൽ ദിലീപിന്റെ വീട്ടിൽ വച്ച് പീഡനദൃശ്യം ദിലീപ് കണ്ടതിനു താൻ സാക്ഷിയാണെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണ് പരിശോധനയിൽനിന്ന് ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ പറയുന്നത്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ഇത് പോലീസിന് കണ്ടെടുക്കാൻ കഴിയാത്തവിധം ഒളിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ദിലീപിനെതിരേ തെളിവ് നശിപ്പിച്ചെന്ന കുറ്റംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
102 സാക്ഷികൾ
അനുബന്ധ കുറ്റപത്രത്തിൽ 102 സാക്ഷികളാണ് ഉള്ളത്. സംവിധായകൻ ആഷിഖ് അബു, നടൻ ചെന്പൻ വിനോദ്, ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ, ആദ്യ ഭാര്യ മഞ്ജുവാര്യർ, കാവ്യയുടെ മുൻ മേയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമർ, സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരൻ ദാസൻ എന്നിവരെല്ലാം സാക്ഷിപ്പട്ടികയിലുണ്ട്.
തെളിവുകളും അനുബന്ധരേഖകളും അടക്കം കുറ്റപത്രത്തിന് 1,500ലേറെ പേജുണ്ട്. ദിലീപിന്റെ അടുത്ത സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി. ശരത്തിനെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്.
അതിജീവിതയ്ക്കെതിരേ ഹൈക്കോടതിയുടെ വിമർശനം
കേസിൽ തുടരന്വേഷണം സർക്കാർ അട്ടിമറിക്കുന്നെന്ന ഹർജിയിൽ വിചാരണക്കോടതിക്കെതിരേ ആരോപണമുന്നയിച്ച അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. എന്തടിസ്ഥാനത്തിലാണ് നടി വിചാരണക്കോടതിക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നു ചോദിച്ച ഹൈക്കോടതി അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചാൽ പിഴ ചുമത്തേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി.
തുടരന്വേഷണം സർക്കാരും രാഷ്ട്രീയ നേതൃത്വവും ചേർന്ന് അട്ടിമറിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയാറാവുന്നില്ലെന്നുമാരോപിച്ച് അതിജീവിത നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഹർജിയിൽ ദിലീപിനെ കക്ഷി ചേർത്തു.
ദിലീപിനെ കക്ഷിയാക്കുന്നതിനെ അതിജീവിത എതിർത്തെങ്കിലും തനിക്കെതിരേ ആരോപണമുള്ളതിനാൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറൻസിക് റിപ്പോർട്ട് വിചാരണക്കോടതി പ്രോസിക്യൂഷനെ അറിയിച്ചില്ലെന്നും കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നെന്ന് ആശങ്കയുണ്ടെന്നും അതിജീവിത പറഞ്ഞിരുന്നു.
പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് കോടതിയുടേതെന്നും ആരോപിച്ചു. എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കോടതി ആരാഞ്ഞപ്പോൾ പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് അടിസ്ഥാനമെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നൽകി.
അന്വേഷണ സംഘം നിങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടോയെന്ന് സിംഗിൾ ബെഞ്ച് തുടർന്നു ചോദിച്ചു. എന്നാൽ ഇക്കാര്യത്തിൽ ചിലതു പറയാനുണ്ടെന്ന് അഭിഭാഷക വ്യക്തമാക്കി. തുടർന്ന് ഹർജി വിശദമായ വാദത്തിന് ഓഗസ്റ്റ് ഒന്നിലേക്ക് മാറ്റുകയായിരുന്നു.
പൾസർ സുനിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ മൂന്നു ദിവസമായി തൃശൂരിലെ സർക്കാർ മാനസീകാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു.
ഇവിടെ നിന്നാണ് ഇയാളെ റിമാൻഡ് തടവിൽ കഴിഞ്ഞിരുന്ന കാക്കനാട്ടെ ജില്ലാ ജയിലിലേക്ക് മാറ്റിയത്. മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പൾസർ സുനിയെ കാണണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ ഈ ആവശ്യം വിചാരണ കോടതി തള്ളി. ചികിത്സയിലുള്ള പ്രതിയെ കാണാനാകില്ലെന്ന ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ആവശ്യം തള്ളിയത്.