കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും.
ജസ്റ്റീസ് സിയാദ് റഹ്മാനാണ് വാദം കേള്‍ക്കുന്നത്. ദിലീപിന്റെ വാദം ഇന്നലെ പൂര്‍ത്തിയായി. പ്രോസിക്യൂഷന് വാദമാണ് ഇന്ന് നടക്കുന്നത്.
കേസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപിന്റെ അഭിഭാഷകന് ഇന്നലെയും ആരോപിച്ചു. നിരവധി കേസുകളില്‍ ആരോപണവിധേയനായ എഡിജിപി എസ്. ശ്രീജിത്താണ് കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ സത്യം കണ്ടെത്താനാകില്ലെന്നും ദിലീപിന്റെ അഭിഭാഷകന് പറഞ്ഞു.
ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തിയാലേ സത്യം പുറത്തുവരൂവെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വാദിച്ചു.
കേസ് റദ്ദാക്കാനാവില്ല. നിലവില്‍ അന്വേഷണം കാര്യക്ഷമമായി നടക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടത്തുന്നതിനെതിരേ ദിലീപ് നല്കിയ ഹര്‍ജി മറ്റൊരു ബെഞ്ച് തള്ളിയതാണെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ ഷാജി വാദിച്ചു.
ശരത്തിനെ അറസ്റ്റ് ചെയ്തേക്കും
നടി കേസ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ അറസ്റ്റ് ചെയ്തേക്കും.
ഇയാളെ കേസില്‍ ആറാം പ്രതിയാക്കും. കഴിഞ്ഞ ദിവസം ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.
വധ ഗൂഢാലോചന നടത്തുമ്പോള്‍ ഒരു വിഐപി സ്ഥലത്തുണ്ടായിരുന്നുവെന്നാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.
ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ശരത്തിന്റേത് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് സംഘം ശാസ്ത്രീയ പരിശോധന നടത്തി സ്ഥിരീകരിച്ചിരുന്നു.
ശരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായ ശേഷമായിരിക്കും അറസ്റ്റുണ്ടാകുകയെന്നാണ് ലഭിക്കുന്ന വിവരം.
കൂടുതല്‍ പേരെ ചോദ്യം ചെയ്യും
കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. പ്രതിപട്ടികയില്‍ ഉള്ളവരും കൂറുമാറിയവരെയും സാക്ഷികളെയും വീണ്ടും ചോദ്യം ചെയ്യും.
മാറ്റിയതു സ്വകാര്യചിത്രങ്ങൾ
ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് ശബ്ദാനുകരണമാണെന്നാണ് ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.
മൊബൈലില്‍ നിന്ന് മാറ്റിയത് സ്വകാര്യ ചിത്രങ്ങളാണ്. ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. ഫോണ്‍ ഹാങ് ആവാതിരിക്കാന്‍ ചാറ്റുകള്‍ താന്‍ തന്നെയാണ് ഡിലീറ്റ് ചെയ്തത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈയിലില്ലെന്നും ദിലീപ് ആവര്‍ത്തിച്ചു.