കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ തുടങ്ങി.
തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരമാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ള പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്.
ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു.കേസിൽ ബാലചന്ദ്രകുമാർ, ഹാക്കർ സായ് ശങ്കർ അടക്കമുള്ളവരെ ആദ്യ ഘട്ടം വിസ്തരിച്ചു.
ബാലചന്ദ്ര കുമാറിന്റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടൻ പൂർത്തിയാകും. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിച്ചത്.
രണ്ട് വർഷമായി തുടരുന്ന വിചാരണ നടപടികൾ ഫ്രെബ്രുവരി അവസാന വാരത്തോടെ പൂർത്തിയാക്കി മാർച്ചിൽ വിധി പ്രസ്താവിക്കുമെന്നാണ് സൂചന.