കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിലെ വിചാരണ നടപടിയുടെ പുരോഗതി അറിയിക്കാൻ ഹൈക്കോടതി വിചാരണക്കോടതിക്കു നിർദേശം നൽകി. കേസിലെ ആറാം പ്രതി പ്രദീപ് നൽകിയ ജാമ്യാപേക്ഷയിലാണ് എറണാകുളം സിബിഐ കോടതിയോട് പുരോഗതി അറിയിക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചത്.
മുഖ്യപ്രതി ദിലീപ് ജാമ്യം ലഭിച്ചു പുറത്താണെന്നും കേസിൽ പ്രതികളായ മറ്റു സാധാരണക്കാർ ജയിലിലാണെന്നും പ്രദീപിന്റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. ദിലീപിനെപ്പോലെ സ്വാധീനമുള്ള വ്യക്തി പുറത്തുനിൽക്കുന്പോൾ സാക്ഷികൾ സ്വാധീനിക്കപ്പെടുന്നില്ലെങ്കിൽ സാധാരണക്കാരായ മറ്റു പ്രതികൾക്കു ജാമ്യം നൽകുന്നതിൽ അപാകതയില്ലെന്നും അഭിഭാഷകൻ വാദിച്ചു.
അതേസമയം ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ മറ്റൊരു സിംഗിൾബെഞ്ച് നേരത്തെ നിർദേശിച്ചിട്ടുണ്ടെന്നു സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണു വിചാരണയുടെ പുരോഗതി അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. പ്രദീപിന്റെ ജാമ്യാപേക്ഷ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.