കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഒരു അഭിഭാഷകനെ ചോദ്യം ചെയ്യുമെന്നു സൂചന.
ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന് വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.
അതിന്റെ ഭാഗമായി ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മാറ്റാന്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ഉപയോഗിച്ച ഐ മാക് സിസ്റ്റം പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ ദിലീപിന്റെ ഐ ഫോണുകളില്‍നിന്ന് നീക്കം ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടങ്ങി.
സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ നേതൃത്വത്തില്‍ വാട്ട്സ്ആപ്പ് കോളുകള്‍, ചാറ്റുകള്‍, ഫോണ്‍ വിളികള്‍, സ്വകാര്യ വിവരങ്ങളുള്‍പ്പെടെ ഇതില്‍നിന്ന് നീക്കം ചെയ്ത നിലയിലാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
സായി ശങ്കര്‍ കൊച്ചിയില്‍ തങ്ങിയതിന് തെളിവ്
സൈബര്‍ വിദഗ്ധന്‍ കൊച്ചിയില്‍ തങ്ങിയതിനുള്ള നിര്‍ണായകമായ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. അഭിഭാഷകന്റെ നിര്‍ദേശപ്രകാരം കൊച്ചിയിലെത്തിയാണ് ഇയാള്‍ ഫോണിലെ വിവരങ്ങള്‍ നീക്കിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ജനുവരി 29, 30 തീയതികളില്‍ സായ് ശങ്കര്‍ കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലായി മുറി എടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മാറ്റിയത് സായിയുടെ ഡസ്ക് ടോപ് സിസ്റ്റമായ ഐ മാക് വഴി ആണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഫോണിലെ വിവരങ്ങള്‍ മാറ്റാന്‍ ഐ മാക് കോഴിക്കോട്ടുനിന്ന് അഭിഭാഷകന്റെ കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചു. ഐ മാകും ദിലീപിന്റെ ഫോണും വക്കീല്‍ ഓഫീസിലെ വൈഫൈയും തമ്മില്‍ കണക്ട് ചെയ്തതിനും തെളിവു ലഭിച്ചിട്ടുണ്ട്.
ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് ആപ്പിള്‍ ഫോണുകളിലെ സുപ്രധാന വിവരങ്ങള്‍ മായ്ച്ചുകളഞ്ഞതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തുടര്‍ന്നാണ് വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.
അതേസമയം, മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെത്തിച്ചു നീക്കംചെയ്ത ഫോണുകളുടെ പരിശോധനാഫലം ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല.