ഷാജിമോൻ ജോസഫ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ പിന്തുണയറിയിച്ചു സംവിധായകന് ബാലചന്ദ്രകുമാറിനു സന്ദേശം അയച്ചതു മമ്മൂട്ടിയാണെന്ന പ്രചാരണം തള്ളി താരത്തിന്റെ അടുപ്പക്കാര്‍.
ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ ഒരു സൂപ്പര്‍താരം ഉള്‍പ്പെടെ സിനിമാമേഖലയിലെ നിരവധിയാളുകള്‍ തനിക്കു മെസേജ് അയയ്ക്കുന്നുണ്ടെന്നും അക്കൂട്ടരില്‍ ഒരു സൂപ്പര്‍സ്റ്റാറും ഉണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
കേസുമായി മുന്നോട്ടുപോകാന്‍ സൂപ്പര്‍താരം ആവശ്യപ്പെട്ടുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.ഇതേത്തുടര്‍ന്നു പല പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടതു മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും പേരുകളാണ്.
എന്നാല്‍, ഇത്തരത്തില്‍ ഒരു മെസേജും അയച്ചിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് തനിക്കു യാതൊരു അറിവുമില്ലെന്നുമാണ് മമ്മൂട്ടി അടുത്തയാളുകളോടു പ്രതികരിച്ചത്. സോഷ്യല്‍ മീഡിയകളിലും മറ്റും ഇത്തരമൊരു പ്രചാരണം അവര്‍ താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പ്രതികരണം.
മാത്രമല്ല, തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതില്‍ അദ്ദേഹത്തിന് വലിയ അതൃപ്തിയുമുള്ളതായാണ് അറിയുന്നത്. എന്തും വിളിച്ചുപറയാന്‍ മടിയില്ലാത്ത ബാലചന്ദ്രകുമാറിനു മെസേജ് അയയ്ക്കാന്‍ വിവാദങ്ങളില്‍നിന്ന് എന്നും അകന്നുനില്ക്കുന്ന മമ്മൂട്ടിയെ പോലൊരാള്‍ തയാറാകില്ലെന്നു സാമാന്യബുദ്ധിക്കു ചിന്തിക്കാവുന്നതല്ലേയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നടി ആക്രമണക്കേസിന്റെ തുടക്കംമുതല്‍ മമ്മൂട്ടി സ്വീകരിച്ച നിലപാടുകള്‍ ദിലീപിന് എതിരായിരുന്നു എന്നതാവാം, ബാലചന്ദ്രകുമാറിനു മെസേജ് അയച്ചതു മമ്മൂട്ടിയാണെന്ന തരത്തിലുള്ള പ്രചാരണത്തിനു കാരണമെന്നും അവര്‍ സംശയിക്കുന്നു.
നടി ആക്രമിക്കപ്പെട്ട ശേഷം അന്വേഷണം ദിലീപിലേക്ക് എത്തിയപ്പോള്‍ത്തന്നെ താരസംഘടനയായ അമ്മയില്‍നിന്നു ദിലീപിനെ ഒഴിവാക്കണമെന്നു ശക്തമായ നിലപാട് മമ്മൂട്ടിയും പൃഥ്വിരാജും ഉള്‍പ്പെടെയുള്ളവര്‍ എടുത്തിരുന്നു.
ദിലീപിനെ സംരക്ഷിച്ചു നിര്‍ത്താന്‍ വലിയ താല്പര്യം കാണിച്ച സംഘടനയിലെ പ്രബലലോബിയുടെ നിലപാടില്‍ കടുത്ത അതൃപ്തനായിരുന്ന മമ്മൂട്ടി പിന്നീട് അമ്മ ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവയ്ക്കുകയുമായിരുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലെങ്കിലും തുടരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിച്ചിട്ടും വഴങ്ങാതിരുന്ന അദ്ദേഹം ഇന്നും അമ്മയുടെ സാധാരണ മെംബറായി തുടരുകയാണ്.