കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നു സൂചന.
ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും കേസിലെ സാക്ഷിയുമായ നടി കാവ്യ മാധവനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ഇതിനു പിന്നാലെ കാവ്യയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിലെ കാവ്യ മാധവന്റെ ലോക്കറുകള്‍ തുറന്ന് അന്വേഷണ സംഘം പരിശോധന നടത്തി.
ഇന്നലെ രാവിലെയും വൈകിട്ടുമായി രണ്ട് പോലീസ് സംഘങ്ങളാണ് ബാങ്കിലെത്തി പരിശോധന നടത്തിയത്. കേസിലെ പ്രതി നടന് ദിലീപിന്റെ നിര്‍ദേശപ്രകാരം കാവ്യയുടെ പേരില്‍ തുറന്ന ലോക്കറാണു പരിശോധിച്ചതെന്നു ബാങ്ക് ജീവനക്കാര്‍ സ്ഥിരീകരിച്ചു.
ആക്രമിക്കപ്പെട്ട നടിയുമായി സാമ്പത്തിക ഇടപാടുകള്‍ മുമ്പ് നടന്നിട്ടുണ്ടെന്നും ഇതിന്റെ പേരിലുള്ള പ്രശ്നങ്ങളും സംഭവത്തിന് കാരണമായെന്നും അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്.
കേസിലെ നിരവധി സാക്ഷികള്‍ കൂറുമാറിയത് പണം നല്കി സ്വാധീനിച്ചാണെന്ന ആരോപണവും നിലനില്ക്കുന്നു. ഇതൊക്കെ കണക്കിലെടുത്താണ് ബാങ്ക് ഇടപാടുകളില്‍ പരിശോധന നടത്തുന്നത്.
കാവ്യയെ തിങ്കളാഴ്ച വീട്ടിലെത്തി ചോദ്യം ചെയ്തശേഷം ഇവരുടെ മൊഴി വിശദമായി പരിശോധിച്ചുവരികയാണ്. കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും.
നേരത്തെ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ നല്കിയ സംവിധായകന് ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി കാവ്യയെ ചോദ്യം ചെയ്യുന്നതിനുള്ള സാധ്യതകളും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.
ഡിജിറ്റല്‍ രേഖകള്‍ നിരത്തിയുള്ള കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം ഉന്നയിച്ച കാര്യങ്ങള്‍ കാവ്യ നിഷേധിച്ചിരുന്നു.