കൊച്ചി: വധഗൂഢാലോചനാ കേസില് ദിലിപീന്റെ അഭിഭാഷകര്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്കുമെന്ന് സൂചന.
ഫിലിപ് ടി. വര്ഗീസ്, സുജേഷ് മേനോന് എന്നിവര്ക്കാണ് നോട്ടീസ് നല്കുക. ദിലീപിന്റെ ഫോണിലെ സുപ്രധാന രേഖകള് നശിപ്പിക്കാന് കൂട്ടുനിന്നെന്നാണ് ആരോപണത്തെത്തുടര്ന്നാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
ഇവരുടെ നിര്ദേശത്തെത്തുടര്ന്നാണ് ദിലീപിന്റെ ഫോണില്നിന്ന് വിവരങ്ങള് നീക്കം ചെയ്തതെന്ന് സൈബര് വിദഗ്ധന് സായ് ശങ്കര് അന്വേഷണ സംഘത്തിന് മൊഴി നല്കിയിരുന്നു.
കാവ്യയെ ബുധനാഴ്ച വീട്ടിലെത്തി ചോദ്യം ചെയ്യും
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷം അന്വേഷണ സംഘം ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11ന് ആലുവ പോലീസ് ക്ലബില് ഹാജരാകാനായിരുന്നു അന്വേഷണ സംഘം കാവ്യക്ക് നോട്ടീസ് നല്കിയിരുന്നത്.
അതേസമയം അവര് അസൗകര്യം അറിയിച്ച് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് സന്ദേശം അയയ്ക്കുകയുണ്ടായി.വിദേശത്തായിരുന്ന കാവ്യ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയിരുന്നു.
ചെന്നൈയില്നിന്ന് ഇന്നു രാവിലെയേ കാവ്യ ആലുവയിലെ വീട്ടിലേക്കു മടങ്ങിയെത്തൂ. ഈ സാഹചര്യത്തിലാണ് ഇന്നു ഹാജരാകാന് കഴിയില്ലെന്ന് അറിയിച്ചിട്ടുള്ളത്.
കാവ്യയില്നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുക. കേസുമായി ബന്ധപ്പെട്ടു കാവ്യയെ സംശയിക്കുന്നതിനിടയാക്കുന്ന ശബ്ദസന്ദേശങ്ങള് പുറത്തുവന്നതോടെയാണു കാവ്യയെ ചോദ്യം ചെയ്യാന് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
പുറത്തുവന്നിട്ടുള്ള ഓഡിയോ സന്ദേശങ്ങളിലെ കാര്യങ്ങളില് വ്യക്തത വരുത്തുകയാണ് പ്രധാന ലക്ഷ്യം.എഡിജിപി എസ്. ശ്രീജിത്തിന്റെ സാന്നിധ്യത്തില് ഡിജിറ്റല് തെളിവുകള് നിരത്തിയാകും ചോദ്യം ചെയ്യുന്നത്.
കേസില് നിര്ണായക ശബ്ദരേഖകള് പോലീസിനു നല്കിയ സംവിധായകന് ബാലചന്ദ്രകുമാറിനെയും ചോദ്യംചെയ്യല് വേളയില് കാവ്യയ്ക്കൊപ്പം ഇരുത്തി മൊഴി രേഖപ്പെടുത്തിയേക്കും.
ഈ മാസം 15ന് മുമ്പായി തുടരന്വേഷണ റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്ദേശം നല്കിയിരുന്നു.
കോടതി അവധിയായതിനാല് 18 വരെ പോലീസിന് സമയം ലഭിക്കും. മൂന്നുമാസം കൂടി സമയം നീട്ടിനല്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരിഗണിച്ചിട്ടില്ല.
സായ് ശങ്കറെ നാളെ ചോദ്യം ചെയ്യും
കേസിലെ ഏഴാം പ്രതിയായ സൈബര് വിദഗ്ധന് സായ് ശങ്കറെ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന് ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നല്കിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി സായ് ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. അഭിഭാഷകര് ആവശ്യപ്പെട്ടതു പ്രകാരം ദിലീപിന്റെ രണ്ടു ഫോണുകളിലെ ഡേറ്റ വീണ്ടെടുക്കാന് കഴിയാത്തവിധം മായ്ച്ചെന്നാണു സായിയുടെ മൊഴി.
മഞ്ജുവാര്യരുടെ മൊഴിയെടുത്തു
നടിയെ ആക്രമിച്ച കേസില് ദിലീപിന്റെ ശബ്ദം തിരിച്ചറിയാനായി മഞ്ജു വാര്യരുടെ മൊഴിടെയുത്തു. മഞ്ജു ശബ്ദം തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി.