കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി ഉപയോഗിച്ച വിവോ ഫോണ്‍ ആരുടേതാണെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ച് സൈബര്‍ സെല്ലിന്റെ സഹായം തേടി.
കാര്‍ഡ് പരിശോധിച്ച ദിവസം കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംശയിക്കുന്നവരുടെ ഫോണുകള്‍ വിചാരണക്കോടതിയുടെ പരിധിയില്‍ ഉണ്ടായിരുന്നോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
വിവോ ഫോണില്‍ നിഖില്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ഗെയിം ഉപയോഗിച്ചിരുന്നു. ഈ പേര് ഫോണിന്റെ ഉടമയുടേതാണോ എന്നും പരിശോധിക്കുന്നുണ്ട്.
2021 ജൂലൈ 19നാണ് മെമ്മറികാര്‍ഡ് അവസാനം തുറന്നത്. പകല്‍ 12.19നും 12.54നും ഇടയിലാണ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചിട്ടുള്ളത്.
ഈ സമയം ഫോണില്‍ ജിയോ സിം ആണ് ഉപയോഗിച്ചിരുന്നതെന്ന് ഫോറന്‍സിക് പരിശോധനയിൽ വ്യക്തമായിരുന്നു.
അന്നേ ദിവസത്തെ കോള്‍ ഡീറ്റെയ്ൽസ് റിക്കാര്‍ഡ് (സിഡിആര്‍) ഡേറ്റയില്‍ ജിയോ സിമ്മില്നിന്നുള്ള കോളുകള്‍ അന്വേഷണസംഘം പ്രത്യേകം ക്രോഡീകരിക്കും.
അതിനിടെ മുന്‍ ഡിജിപി ആര്. ശ്രീലേഖയില്‍നിന്ന് മൊഴിയെടുക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതില്‍ തീരുമാനം ആകാത്തതിനാലാണിത്.
നടിയെ ആക്രമിച്ച കേസ് മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് പകര്‍പ്പ് മുദ്രവച്ച കവറില്‍ നല്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ആദ്യ ക്ലോണ്‍ഡ് പകര്‍പ്പും ഫോറന്‍സിക് ഇമേജും തിരുവനന്തപുരത്തെ ലാബില്‍നിന്നു വാങ്ങി മുദ്രവച്ച കവറില്‍ തിങ്കളാഴ്ച രാവിലെ വിചാരണക്കോടതിയില്‍ നല്കാന് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദേശം നല്കി.
കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ച കൂടി സമയം തേടി സര്‍ക്കാരും അന്വേഷണ സംഘവും നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് കൗസര്‍ എടഗപ്പത്തിന്റേതാണ് ഉത്തരവ്.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ 2021 ജൂലൈ 19നു മാറ്റം വന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഫോറന്‍സിക് ലാബില്‍നിന്നു റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
ഹാഷ് വാല്യൂ മാറ്റം വിചാരണയെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും അതിനാല്‍ മെമ്മറി കാര്‍ഡ് 2017 ഫെബ്രുവരി 25ന് അങ്കമാലി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്കിയപ്പോഴുള്ള ഫോറന്‍സിക് ഇമേജും കാര്‍ഡിന്റെ ക്ലോണ്‍ഡ് പകര്‍പ്പും ലാബില്‍നിന്നു വാങ്ങി വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ വാദമുന്നയിച്ചു.
ഇതിനുപുറമേ ഹാഷ്വാല്യു മാറിയെന്നു റിപ്പോര്‍ട്ടു നല്കിയ ഫോറന്‍സിക് വിദഗ്ധനെയും മുന്‍ ജയില്‍ ഡിജിപി ആര്. ശ്രീലേഖയെയും ചോദ്യം ചെയ്യണമെന്നും ഇതിനെല്ലാം കൂടി മൂന്നാഴ്ച കൂടി സമയം വേണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഹര്‍ജി തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45നു വീണ്ടും പരിഗണിക്കും.