കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയമായി പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു.
കോടതി നേരിട്ട് തിരുവനന്തപുരം സൈബര്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനായി ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന് ഇന്ന് രാവിലെ ആലുവ കോടതി ചേംബറിലെത്തി അപേക്ഷ നല്കി.
വധഗൂഢാലോചനക്കേസില്‍ പ്രതിയായ ദിലീപ് ഹാജരാക്കിയ ആറു മൊബൈല്‍ ഫോണുകള്‍ ആലുവ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്ക് കൈമാറാന്‍ ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഫോണുകള്‍ കൈമാറരുതെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന വേണമെന്നുമുള്ള പ്രതിഭാഗം ആവശ്യം പരിഗണിച്ചാണ് ജസ്റ്റീസ് പി. ഗോപിനാഥ് ഫോണുകള്‍ മജിസ്ട്രേട്ട് കോടതിക്കു കൈമാറാന്‍ രജിസ്ട്രാര്‍ ജനറലിനു നിര്‍ദേശം നല്‍കിയത്.
ഇതു പ്രകാരം ഇന്ന് രാത്രി 7.30-ന് ആറു ഫോണുകള്‍ ആലുവ കോടതിയില്‍ എത്തിച്ചിരുന്നു. ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കു നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ഇനി ആലുവ മജിസ്ട്രേട്ട് കോടതിയാണ് തീരുമാനിക്കുക.
ഫോണുകള്‍ തുറക്കാനുള്ള പാസ് വേര്‍ഡുകള്‍ മജിസ്ട്രേട്ട് കോടതിക്കു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
തുടരന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം
നടി കേസിലെ തുടരന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആറു മാസമാണ് ആവശ്യപ്പെട്ടിരുന്നത്.
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു പ്രത്യേക പരിഗണന നല്കുന്ന സാഹചര്യം പ്രോത്സാഹിപ്പിക്കാനാകില്ലെന്നു ഹൈക്കോടതി. പ്രതികള്‍ക്ക് കോടതി പ്രത്യേക പരിഗണന നല്‍കുന്നതായി ആക്ഷേപമുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. പ്രത്യേക പരിഗണന നല്കിയാല് നാളെ അത് കീഴ്വഴക്കമാകാന്‍ സാധ്യതയുണ്ടെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
ദിലീപിനെ കസ്റ്റഡിയില്‍ വേണം
ഫോണുകളില്‍നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.എ. ഷാജി ആവശ്യപ്പെട്ടിരുന്നു.
പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ആക്ഷേപം പ്രോസിക്യൂഷന് ആവര്‍ത്തിച്ചു. ഇതിന് തെളിവായി ഒരു പ്രതി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിലീപിനോടു ചോദ്യം ചോദിച്ചപ്പോള്‍ ഇത്തരം ചോദ്യംചെയ്യലുമായി തനിക്കു സഹകരിക്കാനാവില്ലെന്നു പറഞ്ഞ് എഴുന്നേറ്റ സംഭവവും ചൂണ്ടിക്കാട്ടി.
ദിലീപ് ഹാജരാക്കിയ ഫോണുകള്‍ പ്രോസിക്യൂഷന് ആവശ്യപ്പെട്ടവയാണോയെന്ന് ഉറപ്പാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
ദിലീപും കോടതിയെ സമീപിക്കും
മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ദിലീപും കോടതിയെ സമീപിക്കുമെന്ന് അറിയുന്നു. അന്വേഷണസംഘം കൃത്രിം കാണിക്കുമെന്ന് ആശങ്കയുണ്ടെന്ന് ദിലീപ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ഫോണ്‍ കൈമാറരുതെന്ന് ദിലീപ് കോടതിയോട് ആവശ്യപ്പെടുമെന്ന സൂചന ഉള്ളത്. കേരളത്തിനു പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് ഫോണ്‍ ശാസ്ത്രീയ പരിശോധന നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം.
ഫ്ളാറ്റിലും പരിശോധന
നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ എറണാകുളത്തെ ഫ്ളാറ്റില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തുകയുണ്ടായി.
എംജി റോഡിലെ മേത്തര്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു. പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ അന്വേഷണ സംഘം കോടതിയെ അറിയിക്കും.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് ഇടങ്ങളില്‍ ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയിരുന്നു.
ഇന്നലെ പരിശോധന നടത്തിയ ഫ്ളാറ്റിനു പുറമെ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചും കാറില്‍ വച്ചുമാണ് ഗൂഢാലോചന നടത്തിയത്.
2017 നവംബര്‍ 15നാണ് വീട്ടില്‍ വച്ച് ഗൂഢാലോചന നടന്നത്. ഇത് സ്ഥിരീകരിക്കുന്ന ശബ്ദരേഖ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. തുടര്‍ന്നാണ് ദിലീപ് ഉള്‍പ്പെടെ ആറു പേരെ പ്രതി ചേര്‍ത്ത് വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ
കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.