ന്യൂഡൽഹി: തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കേസിലെ പ്രതിയായ നടൻ ദിലീപിന് നൽകരുതെന്ന് ആക്രമണത്തിനി രയായ നടി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പ്രതികളെ ദൃശ്യങ്ങൾ കാണിക്കുന്നതിന് എതിർപ്പില്ലെന്നും എന്നാൽ പകർപ്പ് നൽകരുതെന്നുമാണ് നടി രേഖാമൂലം കോടതിക്ക് എഴുതി നൽകിയിരിക്കുന്നത്. ദൃശ്യങ്ങൾ നൽകിയാൽ പ്രചരിക്കുമെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നും നടി ആവശ്യപ്പെട്ടു.
ദിലീപ് സമർപ്പിച്ച ഹർജിയിൽ വാദം നേരത്തെ പൂർത്തിയായിരുന്നു. വാദത്തിനൊടുവിൽ എല്ലാ കക്ഷികളോടും ആവശ്യങ്ങൾ എഴുതി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ദിലീപ് നേരത്തെ തന്നെ വാദങ്ങൾ എഴുതി നൽകിയിരുന്നു.
ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകുന്നതിനെ പ്രോസിക്യൂഷനും ശക്തമായി തന്നെ എതിർത്തിരുന്നു. മൂന്നു കക്ഷികളുടെയും വാദങ്ങൾ പൂർത്തിയായതിനാൽ ഹർജി ഉടൻ വിധിയുണ്ടായേക്കും.