കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടി ഹൈക്കോടതിയിലേക്ക്. കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിക്കുന്നത്. അടുത്തയാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകാനാണ് തീരുമാനം.
നടിയുടെ ഇതേ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ജില്ലയിലെ സെഷൻസ് കോടതികളിലോ അഡിഷണൽ സെഷൻസ് കോടതികളിലോ വനിതാ ജഡ്ജിയില്ലാത്തതിനാലാണ് കോടതി ഈ ആവശ്യം തള്ളിയത്.
തന്റെ സ്വകാര്യ ജീവിതത്തെ കേസിന്റെ വിചാരണ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് വനിതാ ജഡ്ജിയെ വിചാരണയ്ക്കായിവേണമെന്ന് ആവശ്യപ്പെടുന്നതെന്നും നടി ഹൈക്കോടതിയിൽ ബോധിപ്പിക്കും.
കേസ് വൈകിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് എറണാകുളം സെഷൻസ് കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. കേസിൽ പ്രതികൾ സഹകരിക്കുന്നില്ല. കേസിലെ പ്രധാന രേഖകളെല്ലാം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് പ്രതികൾ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാൻ തടസമാവുകയാണെന്നും കോടതി വിമർശിച്ചിരുന്നു.
പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനം. കേസിലെ തെളിവു നശിപ്പിച്ചതിനാണ് പൾസർ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോയും രാജു ജോസഫും വിചാരണ നേരിടുന്നത്. 2017 ഫെബ്രുവരിയിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.