കൊച്ചി: നടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലായി ആലുവ സബ് ജയിലിൽ റിമാൻഡിലുള്ള പ്രതികളായ മണികണ്ഠൻ, വടിവാൾ സലീം, പ്രദീപ്, മാർട്ടിൻ ആന്റണി എന്നിവരുടെ തിരിച്ചറിയൽ പരേഡ് ഇന്നലെ നടന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് (ഒന്ന്) ഫ്രാൻസിസ് സേവ്യറിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്. പ്രതികൾക്കൊപ്പം ജയിലിൽ കഴിയുന്ന ഇരുപത്തഞ്ചോളം പേരെ തിരിച്ചറിയൽ പരേഡിനായി നിർത്തിയിരുന്നു. നാലു പ്രതികളെയും നടി തിരിച്ചറിഞ്ഞു.
വൈകുന്നേരം 3.20 ഓടെ വെളുത്ത ഇന്നോവ കാറിൽ മൂന്നു കാറുകളുടെ അകമ്പടിയിലായിരുന്നു നടി ആലുവ സബ് ജയിലിൽ എത്തിയത്. 5.05ഓടെ നടപടികൾ പൂർത്തിയാക്കി നടി മടങ്ങി. തിരിച്ചറിയൽ പരേഡ് നടത്തിയ ആലുവ മജിസ്ട്രേറ്റ് പരേഡിന്റെ റിപ്പോർട്ട് അങ്കമാലി ജുഡീഷൽ മജിസട്രേറ്റിനു കൈമാറും.