കൊച്ചി: നഗരത്തിലെ ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയെ യുവാക്കൾ അപമാനിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇതോടെ നടിയുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. സന്ദർശകരുടെ പേര് വിവരങ്ങൾ മാളിലെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനാൽ പ്രതികളെ ഉടൻ തന്നെ കണ്ടെത്താൻ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. നിലവിൽ ഷൂട്ടിംഗ് തിരക്കിലാണ് നടി. ഉടൻ തന്നെ ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റ്ഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുമ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് പറയുന്നു.
രണ്ട് ചെറുപ്പക്കാർ തന്നെ കടന്നുപിടിക്കുകയായിരുന്നു. അവർ അപ്പോൾ തന്നെ അവിടെനിന്നും കടന്നുകളഞ്ഞു. തന്റെ സഹോദരി ഇതുകണ്ടെന്നും ഇവർ പറയുന്നു.
ഈ ചെറുപ്പക്കാർ തങ്ങളെ ഹൈപ്പർമാർക്കറ്റിൽവച്ചും പിന്തുടർന്നു. സംസാരിക്കാനും ശ്രമിച്ചു. എന്നാൽ അപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞില്ല. ഇത്തരക്കാരുടെ മുഖത്തടിക്കുകയാണ് വേണ്ടതെന്നും നടി ഇൻസ്റ്റഗ്രാമിൽ പറയുന്നു.
സംഭവത്തിൽ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. പരാതി നൽകാൻ ആലോചനയുണ്ടെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.