ഇന്ത്യക്കാരായ രണ്ട് വിദ്യാര്‍ഥികളുടെ ജിംനാസ്റ്റ് പ്രകടനത്തിന്റെ ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. സ്‌കൂളില്‍ പോകുന്ന വഴിയില്‍ നടുറോഡിലായിരുന്നു ഇവരുടെ പ്രകടനം. ഇത് വൈറലായതോടെ വിഖ്യാത ജിംനാസ്റ്റിക് താരം നാദിയ കൊമനേച്ചി ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തി. അഭിനന്ദിക്കുക മാത്രമല്ല നാദിയ ആ വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോ ഇതിനോടകം പത്തു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.
വ്യാഴാഴ്ചയാണ് നാദിയ ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്. ‘അതിശയകരം’ എന്നാണ് വീഡിയോ പങ്ക് വെച്ച് നാദിയ കുറിച്ചത്. അയ്യായിരത്തിലധികം പേര്‍ നാദിയയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. അഞ്ചു തവണ ഓളിമ്പിക്സ് ഗോള്‍ഡ് മെഡല്‍ നേടിയ ഇതിഹാസ താരം നാദിയ ം ഇരുവരുടെയും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് ചെറിയ കാര്യമല്ലെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്.സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടികളുടെ പ്രകടനം. തോളില്‍ സ്‌കൂള്‍ ബാഗുമുണ്ട്. എന്നാല്‍ ബാഗിന്റെ ഭാരമൊന്നും കുട്ടികളുടെ പ്രകടനത്തെ ബാധിക്കുന്നതേയില്ല. കൃത്യതയോടെ ആയാസരഹിതമായ വിധത്തില്‍ രണ്ട് കുട്ടികളും മലക്കം മറിയുകയും കൈക്കുത്തി മറിയുകയും ചെയ്യുന്നുണ്ട്.
കുട്ടികളെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചിട്ടില്ലെങ്കിലും മേഘാലയയില്‍ നിന്നുള്ളവരാണെന്ന് വീഡിയോയ്ക്ക് ലഭിച്ച കമന്റുകളില്‍ സൂചനയുണ്ട്. ചിലര്‍ വീഡിയോ ഷെയര്‍ ചെയ്തതിനൊപ്പം കേന്ദ്രകായികമന്ത്രി കിരണ്‍ റിജിജുവിനെ ടാഗ് ചെയ്തിട്ടുമുണ്ട്. നാദിയയുടെ അഭിനന്ദനം കുട്ടികള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുമെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ കുട്ടികളെ അഭിനന്ദിച്ച് കമന്റ് ചെയ്തവരും ധാരാളം. എന്തായാലും കുട്ടികള്‍ ഭാവിയില്‍ ജിംനാസ്റ്റിക്‌സിലേക്ക് തിരിയുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
What a pretty picture!
Future Gymnasts in making 🏅🎉(video via social media) pic.twitter.com/2elqylGsgK
— M V Rao (@mvraoforindia) August 25, 2019