കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരേ അതിജീവിത ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി.
കേസ് അട്ടിമറിക്കാൻ ഉന്നത ഇടപെടലുണ്ട്. കേസിലെ പ്രതി ദിലീപും ഭരണകക്ഷിയും തമ്മിൽ അവിശുദ്ധ ബന്ധമാണുള്ളത്. കേസ് അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ കടുത്ത സമ്മർദമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.
ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടിരിക്കുകയാണ്. പ്രതിയുടെ അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ് ഇതിന് കാരണം. അന്വേഷണം അഭിഭാഷകരിലേക്ക് എത്തില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
കേസിൽ അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാനാണ് നീക്കം നടക്കുന്നത്. ഈ സാഹചര്യത്തിൽ നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങളില്ലെന്നും അതിജീവിത ഹർജിയിൽ വ്യക്തമാക്കുന്നു.
വിചാരണ കോടതി ജഡ്ജിക്കെതിരേ അന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കുറ്റവാളികളെ രക്ഷിക്കാൻ ജഡ്ജിക്ക് താൽപര്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതുവഴി ജഡ്ജിക്ക് എന്തെങ്കിലും നേട്ടമുണ്ടായോ എന്ന് അന്വേഷിക്കണം.
അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തുടർനടപടി എടുക്കുന്നില്ല. ജുഡീഷൽ കസ്റ്റഡിയിലുള്ള ദൃശ്യം ചോർന്നതിൽ ഉത്തരവാദിത്വം കോടതിക്കാണ്. കുറ്റക്കാരെ കണ്ടെത്താൻ കോടതി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അതിജീവിത ആരോപിക്കുന്നു.