കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിഐപിക്കൊപ്പം മാഡത്തെ കണ്ടെത്തുന്നതിനായും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് ദിലീപ് സംസാരിക്കുന്നത് കേട്ടുവെന്നാണ് സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി.
ആലുവയിലെ വസതിയായ പത്മസരോവരത്തില്‍ വച്ച് സുഹൃത്തായ ബൈജു ചെങ്ങമനാടുമായി നടത്തിയ സംഭാഷണത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞതെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. “ശിക്ഷ അനുഭവിക്കേണ്ടത് താനല്ല. ഒരു സ്ത്രീയാണ് ശിക്ഷ അനുഭവിക്കേണ്ടത്.
അവരെ രക്ഷിച്ച് താന്‍ ശിക്ഷിക്കപ്പെട്ടുവെന്നും’ ദിലീപ് പറഞ്ഞതു കേട്ടുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. റെക്കോര്‍ഡ് ചെയ്ത ദിലീപിന്റെ ഈ ശബ്ദരേഖ ക്രൈംബ്രാഞ്ചിനു നല്‍കിയെന്നും സംവിധായകന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പള്‍സര്‍ ആദ്യം പറഞ്ഞു
മാഡം സിനിമാമേഖലയില്‍ നിന്നുള്ള ആളാണെന്ന് കേസിലെ പ്രതിയായ പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ മാഡത്തിനു വലിയ പങ്കില്ലെന്നും പിന്നീട് പറയുകയുണ്ടായി. അതോടെ അവരെക്കുറിച്ചുള്ള അന്വേഷണം നിലയ്ക്കുകയാണുണ്ടായത്.
വിഐപിയെയും കണ്ടെത്തണം
സംവിധായകന് പറഞ്ഞ വിഐപിയെ കണ്ടെത്തുന്നതിനായും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നിലവില്‍ കോട്ടയം സ്വദേശിയെയാണ് സംശയിക്കുന്നത്.
ഇയാളുടെ ശബ്ദസാമ്പിളുകള്‍ ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
അതേസമയം പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ രണ്ടു സുഹൃത്തുക്കളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം സംഘം ആലോചിക്കുന്നതായും സൂചനയുണ്ട്.
പ്രതികള്‍ നടത്തിയ ഗൂഢാലോചനയുടെ ശബ്ദരേഖ ശാസ്ത്രീയമായി ഒത്തുനോക്കാന്‍ ഇരുവരുടെയും ശബ്ദസാമ്പിളുകള്‍ അന്വേഷണ സംഘം ശേഖരിക്കുമെന്നാണ് അറിയുന്നത്.
ദൃശ്യങ്ങള്‍ കടല്‍ കടന്നോ?
നടിയെ ആക്രിച്ച് പകര്‍ത്തിയ അശ്ലീല ദൃശ്യങ്ങള്‍ ലണ്ടനിലുണ്ടെന്നും സൂചനയുണ്ട്. ആലുവ സ്വദേശിയായ ഷെരീഫ് എന്നയാളാണ് പീഡന ദൃശ്യങ്ങള്‍ ലണ്ടനിലെ നാലു പേരുടെ പക്കലുണ്ടെന്ന് വിവരം തനിക്ക് കൈമാറിയതെന്നാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുള്ളത്.
ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണസംഘം ഇതേക്കുറിച്ചും അന്വേഷണം ആരംഭിച്ചു.ഏതു മാര്‍ഗമാണ് ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയത്, ദിലീപിന് ഇതുസംബന്ധിച്ച ബന്ധം, ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ വിഐപി ഇതിന്റെ ഭാഗമാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കും.
ഫോര്‍ട്ടുകൊച്ചിയിലുള്ള ദിലീപിന്റെ സുഹൃത്ത് മുഖേനയാണ് ദൃശ്യങ്ങളുടെ പകര്‍പ്പ് ലണ്ടനിലേക്ക് കടത്തിയതെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയതായാണ് വിവരം.
ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചു
അതിനിടെ കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടിലും സ്ഥാപനത്തിലും നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത വസ്തുക്കളുടെ ശാസ്ത്രീയ പരിശോധ പൂര്‍ത്തിയാക്കി പരമാവധി വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.
ഇതിനു പുറമെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബാലചന്ദ്രകുമാര്‍ പറഞ്ഞ അടയാളങ്ങളുടെയും അടിസ്ഥാനത്തില്‍ പോലീസ് മൂന്നോളം പേരുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഇതും തിരിച്ചറിയല്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഈ നടപടി പൂര്‍ത്തിയായാലുടന്‍ കേസുമായി ബന്ധപ്പെട്ട വിഐപിയെ വേഗത്തില്‍ പിടികൂടാനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.