കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയതിനെ തുടർന്ന് അതുവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി കേസ് മാറ്റിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചോദ്യം ചെയ്യലില്‍നിന്ന് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യുന്നതിനു കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ദിലീപിന്റെ അഭിഭാഷകന് ഇതിനെ എതിര്‍ത്തില്ല.
ക്രൈംബ്രാഞ്ചിന്റേത് കസ്റ്റഡി നീക്കം
അതേസമയം കേസില്‍ നടന് ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. ബുധനാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങാനാണ് ശ്രമം.
മൂന്ന് ദിവസത്തിനിടെ 33 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അവസാന ദിവസം വീഡിയോ തെളിവുകള്‍ അടക്കം ഉപയോഗിച്ചുള്ള ചോദ്യം ചെയ്യലാണ് നടന്നത്.
ജിറ്റല്‍ തെളിവുകളിലൊന്നായ ദിലീപിന്റെ ശബ്ദരേഖ രണ്ടുപേര്‍ തിരിച്ചറിഞ്ഞതും നേട്ടമായി അന്വേഷണസംഘം കരുതുന്നു. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന് എടവനക്കാടിനെയും ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ശ്രമിച്ച അഭിഭാഷന് സജിത്തിനെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. ദിലീപിന്റെ ശബ്ദം താന്‍ തിരിച്ചറിഞ്ഞതായി വ്യാസന് മാധ്യമങ്ങളോട് പറഞ്ഞു.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങളുടെ ചുവടുപിടിച്ചും ക്രൈംബ്രാഞ്ചിന് കിട്ടിയ ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍.
നിഷേധാത്മക നിലപാട് പ്രതികള്‍ സ്വീകരിച്ചത് ആദ്യഘട്ടത്തില്‍ തിരിച്ചടിയായെങ്കിലും മൊഴികളിലെ വൈരുധ്യം മുതലെടുത്ത് ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്തതില്‍നിന്ന് കേസിലെ നാലും അഞ്ചും പ്രതികളായ അപ്പു, ബൈജു എന്നിവരില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് വിവരം.
അതേസമയം മൂന്നാം ദിനത്തിലെ ചോദ്യംചെയ്യലിലും താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ദിലീപ് ആവര്‍ത്തിച്ചതായി അറിയുന്നു. ചൊവ്വാഴ്ചയിലെ ചോദ്യം ചെയ്യലിന് ഉച്ചയോടെ എഡിജിപി എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണ പുരോഗതി നേരിട്ടു വിലയിരുത്തി.
റിപ്പോര്‍ട്ട് കോടതിയില്‍
തുടര്‍ച്ചയായ മൂന്നു ദിവസം ദിലീപിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്നു ഹൈക്കോടതിയിലും 28-ന് വിചാരണക്കോടതിയിലും സമര്‍പ്പിക്കും. വിശദമായ റിപ്പോര്‍ട്ട് പിന്നീടായിരിക്കും സമര്‍പ്പിക്കുക.
ദിലീപിനൊപ്പം പ്രതികളായ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, മാനേജര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്തത്. നടപടികള്‍ വീഡിയോ കാമറയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
മൊബൈൽ: തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വേണം
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പോലീസിന് കൈമാറും മുമ്പേ തങ്ങളുടെ ഫോണുകളില്‍ തിരിമറി നടത്തിയതായി അനേഷണസംഘം കണ്ടെത്തിയിരുന്നു. ദിലീപിന്റെയും സഹോദരന് അനൂപിന്റെയും കൈവശമുണ്ടായിരുന്ന നാലു ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജ് ഉപയോഗിച്ചിരുന്ന ഒരു ഫോണ്‍ എന്നിവയില്‍ മാറ്റം വരുത്തിയശേഷമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതെന്നാണു കണ്ടെത്തല്‍.
മൂവരുടെയും ഫോണ്‍കോളുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫോണുകളുടെ ഐഎംഇഐ നമ്പറും കണ്ടെത്തി. റെയ്ഡിനിടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചപ്പോഴാണ് ഫോണുകളിലെ തിരിമറി ക്രൈംബ്രാഞ്ചിന് വ്യക്തമായത്.
ഇത് തെളിവ് നശിപ്പിക്കാനാണെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാര്‍ തന്നെ പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ദിലീപിന്റെ വാദം
ഫോണ്‍ ഹാജരാക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ തനിക്ക് നോട്ടീസ് നല്കാന് ക്രൈം ബ്രാഞ്ചിനു കഴിയില്ലെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും ദിലീപ് കോടതിയെ അറിയിക്കും.
ദിലീപ് അഭിഭാഷകനുമായികൂടിക്കാഴ്ച നടത്തി
നടന് ദിലീപും അഭിഭാഷകനായ ബി. രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഉച്ചയോടെ രാമന്‍പിള്ളയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച മണിക്കൂറുകളോളം നീണ്ടു. ഫോണ്‍ കൈമാറുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയത് ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണെന്നാണ് അറിയുന്നത്.
അധിക സാക്ഷികളുടെ വിസ്താരത്തിന് 10 ദിവസം കൂടി
കേസിലെ അധിക സാക്ഷികളുടെ വിസ്താരത്തിനു ഹൈക്കോടതി പത്തു ദിവസം കൂടി സമയം നീട്ടി നല്കി. ഇന്നു മുതല്‍ പത്തുദിവസത്തിനകം അഞ്ച് അധിക സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കണമെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി ഇക്കാര്യം ഉറപ്പാക്കണമെന്നും ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് നിര്‍ദേശിച്ചു.
കേസില്‍ ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസര്‍ സത്യമൂര്‍ത്തി, നിലീഷ, കണ്ണദാസന്, ഡി. സുരേഷ്, ഉഷ എന്നിവരെ അധിക സാക്ഷികളായി വിസ്തരിക്കാന്‍ ജനുവരി 17ന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
ഇതില്‍ മൂന്നുപേരെ ഇതിനകം വിചാരണക്കോടതി വിസ്തരിച്ചു. ശേഷിക്കുന്ന രണ്ടുപേര്‍ കേരളത്തിനു പുറത്താണെന്നും ഇവര്‍ക്കു സമന്‍സ് നല്കി കോടതിയില്‍ എത്തിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചത്.