കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗുഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുമതി തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉപഹർജി നൽകി. ബുധനാഴ്ച വരെ പ്രതികളുടെ അറസ്റ്റ് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.
കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി കേസ് മാറ്റിയത്. ഇതിനിടെയാണ് നാടകീയ നീക്കവുമായി പ്രോസിക്യൂഷൻ ഇന്ന് രംഗത്തെത്തിയത്. ഉപഹർജി സ്വീകരിച്ച കോടതി ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും.
ദിലീപ് അടക്കമുള്ള പ്രതികൾ മുൻപ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഒളിപ്പിച്ചെന്നും ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് പ്രോസിക്യൂഷൻ ഉപഹർജിയിലെ വാദം.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ നിർണായ തെളിവുകൾ ഫോണ് പരിശോധിച്ചാൽ ലഭിക്കും. ഇത് മുൻകൂട്ടി കണ്ടാണ് പ്രതികൾ ഫോണ് ഒളിപ്പിച്ചത്. ഇത് കണ്ടെടുക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
മൊബൈൽ ഫോണ് ഹാജരാക്കാൻ നിർദ്ദേശിച്ച് കഴിഞ്ഞ ദിവസം പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവ അഭിഭാഷകർക്ക് നൽകിയെന്ന വിശദീകരണമാണ് പ്രതികൾ ക്രൈംബ്രാഞ്ചിന് നൽകിയത്.
ഇതോടെയാണ് പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷൻ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷൻ നീക്കം.