കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി തേടി പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി അംഗീകരിച്ചു.
12 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചിരുന്നത്. ഇതിൽ എട്ട് സാക്ഷികളെ വിസ്തരിക്കാനാണ് കോടതി അനുമതി നൽകിയത്. നാല് പേരെ വീണ്ടും വിസ്തരിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിൽ കോടതി കഴിഞ്ഞ ദിവസം ചില സംശയങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും അന്തിമ വിധി പ്രോസിക്യൂഷമന് അനുകൂലമാകുകയായിരുന്നു. കേസിലെ പ്രതിയായ നടൻ ദിലീപ് ഹർജിയെ ശക്തമായി എതിർത്തു.
വിചാരണ നടപടികൾ ബോധപൂർവം നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷൻ ശ്രമമെന്ന് ആരോപിച്ചായിരുന്നു ദിലീപിന്റെ വാദം.
കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചതിനാൽ 10 ദിവസത്തിനകം പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
വിചാരണ നടപടികൾ അനന്തമായി നീണ്ടുപോകാൻ പാടില്ലെന്ന നിരീക്ഷണത്തോടെയാണ് സർക്കാരിന് 10 ദിവസത്തെ സമയം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട ഫോണ് രേഖകൾ കോടതി വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷന്റെ ഹർജിയും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്.