കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. അന്വേഷണ സംഘം വിചാരണക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
വിചാരണ വേഗം പൂര്‍ത്തിയാക്കണം. തുടരന്വേഷണത്തിന് ഒരു മാസം നല്‍കിയത് നീതികരിക്കാനാവില്ല. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുടരന്വേഷണം നടക്കുന്നത്. വൈകിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. 28-ന് രാത്രി പരാതി ലഭിച്ചു. 29-ന് രാവിലെ തന്നെ അന്വേഷണം ആരംഭിച്ചതായും ഹര്‍ജിയില്‍ പറയുന്നു.
അന്വേഷണോദ്യോഗസ്ഥന് ബൈജു പൗലോസിന് തന്നോട് വ്യക്തിവൈരാഗ്യമാണുള്ളത്. ഗൂഢാലോചന കേസില്‍ കുടുംബാംഗങ്ങളെ പ്രതിചേര്‍ത്തു. ഈ പരാതി കെട്ടിച്ചമച്ചതാണ്. വിസ്താരം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇനി അന്വേഷണ ഉദ്യോഗസ്ഥനെ മാത്രമേ വിസ്തരിക്കാനുള്ളൂ.
തന്നെ കുടുക്കാനായി അന്വേഷണ സംഘത്തിന്റെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ശബ്ദം രേഖപ്പെടുത്തിയ ഫോണ്‍ ഇപ്പോള്‍ ബാലചന്ദ്രകുമാറിന്റെ കൈവശമില്ല. മൂന്നാമതൊരു ഫോണിലാണ് ഇതുള്ളത്. തെളിവുകള്‍ കെട്ടിച്ചമച്ചതില്‍ അന്വേഷണ സംഘത്തിനും പങ്കുണ്ടാകാമെന്ന് ഹര്‍ജിയില്‍ പറയുന്നു.
ജാമ്യാപേക്ഷ പരിഗണിക്കും
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
ഒന്നാം പ്രതിയായ ദിലീപിനു പുറമേ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, സുഹൃത് ശരത് എന്നിവരുടെ ജാമ്യഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റീസ് പി.ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഫോണിന്റെ കാര്യത്തിലും തീരുമാനമുണ്ടാകും
ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും.
തിരുവന്തപുരത്തെ ഫോറന്‍സിക് ലാബില്‍ ഫോണ്‍ പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തിനു പുറത്തുള്ള ഒരു ഏജന്‍സിയെക്കൊണ്ട് ഫോണ്‍ പരിശോധിപ്പിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
കോടതിയിലും തര്‍ക്കം
ഹൈക്കോടതി നിര്‍ദേശപ്രകാരം തിങ്കളാഴ്ച രാത്രി ആറു ഫോണുകളും ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയിരുന്നു. ആലുവ മജിസ്ട്രേറ്റ്, ഫോണുകള്‍ തുറക്കുന്നതിന് അതിന്റെ പാറ്റേണ്‍ ഹാജരാക്കാന്‍ പ്രതിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അഭിഭാഷകര്‍ ആറു ഫോണുകളുടെയും പാറ്റേണ്‍ ഉച്ചയ്ക്കുശേഷം കോടതിക്കു കൈമാറി. മുദ്രവച്ച കവറിലുളള ഫോണുകള്‍ തുറന്ന് പ്രതിഭാഗം കൈമാറിയ അതിൻരെ പാറ്റേണ്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം ലാബിലേക്ക് അയക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
ഇതിന് അനുകൂലമായി മജിസ്ട്രേറ്റ് നിലപാട് എടുത്ത ഘട്ടത്തിലാണ് ദിലീപിന്റെ അഭിഭാഷകര്‍ തടസവാദം ഉന്നയിച്ചത്. കോടതിയില്‍വച്ച് ഫോണ്‍ തുറക്കരുതെന്നും പ്രോസിക്യൂഷന് കൃത്രിമം കാണിക്കുമെന്നും ഇവര്‍ ആവര്‍ത്തിച്ചു.
തങ്ങള്‍ക്ക് പാറ്റേണ്‍ വേണ്ടെന്നും മജിസ്ട്രേറ്റ് പരിശോധിച്ചാല്‍ മതിയെന്നും പ്രോസിക്യൂഷന് നിലപാടെടുത്തു. തുറന്നകോടതിയില്‍ ഫോണുകള്‍ പരിശോധിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് മജിസ്ട്രേറ്റ് പ്രതിഭാഗത്തോട് ചോദിച്ചു.
ഫോണ്‍ തുറക്കുന്നതിന് പ്രതികള്‍ കൈമാറിയ പാറ്റേണ്‍ ശരിയാണോയെന്ന് ഉറപ്പുവരുത്താതെ ലാബിലേക്കയച്ചാല്‍ പരിശോധനാഫലം വൈകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു.
പാറ്റേണ്‍ തെറ്റാണെങ്കില്‍ കേസ് നടപടികള്‍ വീണ്ടും വൈകും. ഇത് മുന്നില്‍ക്കണ്ടാണ് പ്രതികളുടെ നീക്കമെന്നും പ്രോസിക്യൂഷന് പറഞ്ഞു.
തര്‍ക്കം തുടര്‍ന്നതോടെ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിക്കുന്നത് മജിസ്ട്രേറ്റ് കോടതി മാറ്റുകയായിരുന്നു. തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികളുടെ സാന്നിധ്യത്തില്‍ ഫോണ്‍ തുറക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്.