കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നയുടന്‍ നടന് ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ മാറ്റിയ ഫോണുകള്‍ ദിലീപിനെ കുരുക്കിയേക്കുമെന്ന് സൂചന.
ഫോണ്‍ മാറ്റിയത് ഗൂഢാലോചനയുടെ തെളിവാണെന്ന് പ്രോസിക്യൂഷന് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്.
മൊബൈലില്‍ സ്വകാര്യ സംഭാഷണങ്ങളെന്നു ദിലീപ്
വ്യക്തിപരമായതും മുന്‍ ഭാര്യയുമായും അഭിഭാഷകരുമായും സംസാരിച്ചതടക്കമുള്ള സ്വകാര്യവും നിര്‍ണായകവുമായ വിവരങ്ങളും ഫോണിലുണ്ടെന്നും ഇതു നല്കാന് നിര്‍ബന്ധിക്കുന്നത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിക്കുകയുണ്ടായി.
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണ്‍ വിട്ടുകിട്ടാന്‍ പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയിലാണ് ഈ വാദങ്ങള്‍ ഉയര്‍ന്നത്. ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്തന്നെ ഫോണുകള്‍ കൈമാറണമെന്നും ഇതില്‍ ഭയക്കുന്നതെന്തിനാണെന്നും കോടതി വാക്കാല്‍ ചോദിക്കുകയുണ്ടായി.
ഫോണില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് അന്വേഷണ സംഘം കെട്ടുകഥകളുണ്ടാക്കുന്നതു തടയാനാണ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയതെന്നു ദിലീപിന്റെ അഭിഭാഷകന് പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ ബാലചന്ദ്രകുമാര്‍ വിളിച്ചതും ഭീഷണിപ്പെടുത്തിയതുമൊക്കെ ഇതിലുണ്ട്. ഇവയൊക്കെ അന്വേഷണ സംഘം നശിപ്പിക്കും. പ്രതിയോട് തെളിവ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കാന് അന്വേഷണ സംഘത്തിനു കഴിയില്ല. സുപ്രീംകോടതി വിധികള്‍ക്കു വിരുദ്ധമാണത്.
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഭാര്യയുടെ സന്ദേശങ്ങളും കോളുകളും അന്വേഷണ സംഘം പുറത്തു വിട്ടിരുന്നു. കേസില്‍ കോടതി വിചാരണയല്ല, മാധ്യമ വിചാരണയാണു നേരിടുന്നത്. വളരെ വിചിത്രമായ ഈ വിചാരണയില്‍ ഇവയൊക്കെ ചര്‍ച്ചയാകും.
അതേസമയം ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന് ആരോപിച്ചു. ഫോണുകള്‍ കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് അധികാരവും കഴിവുമുണ്ട്.
പ്രതികള്‍ക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാലാണ് ഉപഹര്‍ജി നല്‍കിയത്. ഫോണിലെ രേഖകള്‍ പരിശോധനയുടെ പേരില്‍ നശിപ്പിക്കപ്പെട്ടാല്‍ ഗൂഢാലോചന തെളിയിക്കാനാവില്ല.
ആകെ ഏഴു ഫോണുകള്‍
2017-18 കാലത്ത് പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ നിര്‍ണായക തെളിവാണ്. ദിലീപ് ഉപയോഗിച്ചിരുന്ന ആപ്പിള്‍, വിവോ കമ്പനികളുടെ നാലു ഫോണുകളും സഹോദരന് അനൂപിന്റെ രണ്ടു ഹുവായ് ഫോണുകളും സുരാജിന്റെ ഒരു ഫോണുമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
അന്വേഷണ സംഘത്തെ അപായപ്പെടുത്തുമെന്ന് പറഞ്ഞത് ശാപവാക്കാണെന്ന് പ്രതികള്‍ പറയുന്നു. ഇതിനു തുടര്‍ച്ചയായി എന്തു നടന്നെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ഇതില്‍ നിര്‍ണായകമാണ്.
കോടതി നല്‍കിയിട്ടുള്ള സംരക്ഷണം നീക്കിയാല്‍ ഫോണുകള്‍ കണ്ടെടുത്താന്‍ കഴിയുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ദിലീപിന്റെ വസതിയില്‍ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഫോണുകള്‍ പുതിയ ഫോണുകളാണ്.
2022 ജനുവരിയില്‍ മാത്രമാണ് ആ ഫോണുകള്‍ ദിലീപും സഹോദരന് അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകള്‍ കേസില്‍ നിര്‍ണായകമാണ് എന്നാണ് പ്രോസിക്യൂഷന് വാദിക്കുന്നത്.
പള്‍സര്‍ സുനിയെ ജയിലില്‍ ചോദ്യംചെയ്തു
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ നടന് ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു
. എറണാകുളം സബ് ജയിലിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സുനി സ്ഥിരീകരിച്ചതായാണ് വിവരം.
നടന് ദിലീപിനെ കാണാനെത്തിയപ്പോള്‍, സുനില്‍ കുമാറിനൊപ്പം കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ദിലീപിന്റെ സഹോദരന് സുനില്‍ കുമാറിന് പണം നല്‍കിയത് കണ്ടിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം പള്‍സര്‍ സുനി സമ്മതിച്ചതായി വിവരമുണ്ട്. അതേസമയം ഇക്കാര്യങ്ങളില്‍ അന്വേഷണസംഘം ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ക്കു തയാറായിട്ടില്ല.
നേരത്തെ രണ്ടുതവണ പള്‍സര്‍ സുനിയെ ജയിലിലെത്തി കണ്ടശേഷം മാതാവ് ശോഭന സംവിധായകന് ബാലചന്ദ്രകുമാര്‍ പറയുന്നത് ശരിയാണെന്നും ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നു സുനി പറഞ്ഞതായും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതോടൊപ്പം ചില കാര്യങ്ങള്‍ സുനിക്ക് പറയാനുണ്ടെന്നും സുനിതന്നെ എല്ലാം തുറന്നുപറയുമെന്നും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളിലും സംഘം വ്യക്തത തേടി.
ശബ്ദസാമ്പിളുകളുടെ സ്ഥിരീകരണം
സംവിധായകരായ ബാലചന്ദ്രകുമാര്‍, ബൈജു കൊട്ടാരക്കര എന്നിവരില്‍നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് നേരത്തേ കൈമാറിയ ശബ്ദസാമ്പിളുകളുമായി ബന്ധപ്പെട്ടുളള സ്ഥിരീകരണമാണ് ബാലചന്ദ്രകുമാറില്‍നിന്ന് തേടിയത്.
ദിലീപിന് ജാമ്യം ലഭിക്കാന്‍ ഉന്നതന്റെ മകന് ഒരു സംവിധായകനോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബൈജു കൊട്ടാരക്കയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.