കൊച്ചി: ദിലീപിനെ കുരുക്കിലാക്കുന്ന വെളിപ്പെടുത്തലുമായി വീട്ടുജോലിക്കാരൻ ദാസൻ. ദിലീപിനെതിരേ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒരു കാര്യവും പോലീസിനോട് പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ദാസന്റെ വെളിപ്പെടുത്തിയിട്ടുള്ളത്.
ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമുളള വെളിപ്പെടുത്തല്‍ നടത്തിയത് സംവിധായകന് ബാലചന്ദ്രകുമാറായിരുന്നു.
പള്‍സര്‍ സുനിയെ കണ്ട കാര്യം ബാലചന്ദ്രകുമാര്‍ ദാസനോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പോലീസ് ചോദിച്ചാല്‍ തനിക്ക് ഒന്നും ഓര്‍മയില്ലെന്ന് പറയണമെന്ന് അഭിഭാഷകരും ദിലീപിന്റെ സഹോദരന് അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ആവശ്യപ്പെട്ടതായാണ് ദാസന്റെ മൊഴി.
പള്‍സര്‍ സുനിയെ ജയിലില്‍നിന്ന് ഇറങ്ങുമ്പോള്‍ കൊലപ്പെടുത്തണമെന്ന് സുരാജ് പറയുന്നത് കേട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ദിലീപിനെ കൂടുതല്‍ കുരുക്കിലാക്കും.
ഫോണില്‍ കൃത്രിമംകാണിച്ചു
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകളില്‍ കൃത്രിമം കാട്ടി തെളിവ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയില്‍ അറിയിക്കുകയുണ്ടായി.
നടന് ദിലീപ്, സഹോദരനായ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരാണ് കേസില്‍ പ്രതികള്‍. ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആറു മൊബൈലുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിട്ടു നല്‍കിയിരുന്നു.
ഇവയുടെ പരിശോധനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചെന്ന് അന്വേഷണസംഘം വിശദീകരിക്കുന്നത്.ജനുവരി 29, 30 തീയതികളിലാണ് ഫോണുകളില്‍ കൃത്രിമം കാട്ടിയത്. ജനുവരി 31നു ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ജനുവരി 29ന് ഉത്തരവിട്ടശേഷമാണ് കൃത്രിമം നടന്നത്.
നിര്‍ണായകമായ പല വിവരങ്ങളും നീക്കംചെയ്തശേഷമാണ് ഫോണുകള്‍ ഹാജരാക്കിയത്. മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഐ ഫോണ്‍ ഉള്‍പ്പെടെ നാലു ഫോണുകളാണ് ദിലീപ് നല്‍കിയത്. ഇതില്‍ രണ്ടെണ്ണം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടവയായിരുന്നു. ശേഷിച്ചവയില്‍ ഒന്ന് സുരാജിന്റെ ഫോണായിരുന്നു.
ദിലീപിന്റെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റോഷന് ചിറ്റൂരിന്റെ പേരിലുള്ള സിം കാര്‍ഡാണ് ഐ ഫോണില്‍ ഉപയോഗിച്ചിരുന്നത്. ഇങ്ങനെയൊരു ഫോണ്‍ ഉപയോഗിച്ചിരുന്ന കാര്യം ചോദ്യം ചെയ്യലില്‍ ദിലീപ് വെളിപ്പെടുത്തിയിരുന്നില്ല.
ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുംബൈയിലെ ഒരു ലാബില്‍ പരിശോധനയ്ക്ക് നല്‍കിയെന്നായിരുന്നു മറുപടി. അഭിഭാഷകന് വഴിയാണ് ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത്. മുംബൈയിലെ ലാബില്‍നിന്നു ഫോണ്‍ വിവരങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തിരുന്നു.
ലാബ് ഡയറക്ടറെയും നാലു ജീവനക്കാരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയുണ്ടായി. പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്ക് പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്കും അയച്ചു.ദിലീപിന്റെ അഭിഭാഷകനും മറ്റു മൂന്ന് അഭിഭാഷകരും മുംബൈയിലെ ലാബില്‍ ജനുവരി 30നെത്തി ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചിരുന്നു.
ലാബുടമയുമായി അഭിഭാഷകരെ പരിചയപ്പെടുത്തിയ വിന്‍സെന്റ് ചൊവ്വല്ലൂരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇയാളുടെയും അഭിഭാഷകരുടെയും സഹായത്തോടെ പ്രതികള്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു.
വധഗൂഢാലോചനാക്കേസില്‍ വസ്തുതകള്‍ മറച്ചുവയ്ക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഭാഗത്തുനിന്ന് ആസൂത്രിത ശ്രമമുണ്ടായി എന്ന് സ്ഥാപിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. വധഗൂഢാലോചനാക്കേസില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയെ അറിയിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
തുടരന്വേഷണം നടത്താം
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
ക്രൈംബ്രാഞ്ച് സംഘത്തിനു അന്വേഷണം തുടരാമെന്നും ഏപ്രില്‍ 15നകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്കുകയുണ്ടായി. കേസിന്റെ വിചാരണ ഫെബ്രുവരി 15നകം പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്. ഇതുകൂടി കണക്കിലെടുത്ത് തുടരന്വേഷണത്തിന് ഏപ്രില്‍ 15വരെ സമയം അനുവദിക്കുകയാണെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.