കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ പ്രതിയാകില്ല. ഇവരെ പ്രതിയാക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അതേസമയം, കാവ്യയും നടി മഞ്ജു വാര്യരും കേസിൽ സാക്ഷികളാകും. സംവിധായകൻ ബാലചന്ദ്രകുമാർ പ്രധാന സാക്ഷിയാണ്. സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരനായിരുന്ന ദാസൻ എന്നിവരും സാക്ഷികളാണ്.
കേസിലെ അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുന്നത്. 1500 ഓളം പേജുള്ള കുറ്റപത്രത്തിൽ 100 ഓളം പുതിയ സാക്ഷികൾ ഉള്ളതായാണ് സൂചന.
125ൽ അധികം പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എണ്പതോളം പേരെയാണ് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നതെന്നാണ് സൂചന. കൂടുതലും ഡിജിറ്റൽ തെളിവുകളാണ്. ഇവയിൽ ശബ്ദ സന്ദേശങ്ങളാണ് അധികവും.
അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ 15ന് അവസാനിച്ചെങ്കിലും അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിലടക്കം മൂന്നാഴ്ചത്തെ സമയമാണ് ചോദിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി.
ഇതോടെ കേസിൽ ഒൻപതു പ്രതികളാകും. പീഡന ദൃശ്യങ്ങൾ ശരത് മുഖേന ദീലിപിന്റെ പക്കൽ എത്തി എന്നുതന്നെയാണ് അനുബന്ധ കുറ്റപത്രത്തിലും ആവർത്തിക്കുന്നതെന്നാണ് വിവരം.
അതേസമയം, തെളിവുകൾ നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നതാണ് ദിലീപിനെതിരേ പുതിയതായി ചുമത്തുന്ന വകുപ്പുകൾ എന്നാണ് വിവരം.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബർ മാസത്തിൽ ദിലീപിന്റെ പക്കൽ എത്തി എന്നുതന്നെയാണ് തുടരന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.