കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാമെന്ന് ഹൈക്കോടതി.
കാർഡ് അനധികൃതമായി തുറന്നുവെന്നതിനു തെളിവായി ഹാഷ് വാല്യു മാറിയോയെന്ന് അന്വേഷിക്കാമെന്നു ഹൈക്കോടതി അറിയിച്ചു.
പ്രോസിക്യൂഷൻ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി. ശാസ്ത്രീയ പരിശോധന വേണ്ടെന്ന കീഴ്ക്കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
രണ്ടു ദിവസത്തിനുള്ളിൽ വിചാരണക്കോടതി മെമ്മറി കാർഡ് ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കണം. ഏഴ് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണം.
മുദ്രവച്ച കവറിലാണ് റിപ്പോർട്ട് അന്വേഷ ഉദ്യോഗസ്ഥന് നൽകേണ്ടത്. ഈ റിപ്പോർട്ട് കോടതിയ്ക്ക് സമർപ്പിക്കാനും നിർദേശിച്ചു.
കേസിൽ കക്ഷി ചേർന്ന എട്ടാം പ്രതിയായ നടൻ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നായിരുന്നു ദിലീപിന്റെ വാദം. ഫോറൻസിക് പരിശോധനാഫലം നിലവിൽ അന്വേഷണോദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധന വേണമെന്ന ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു ദിലീപിന്റെ നിലപാട്.
അതേസമയം മൂന്ന് ദിവസം മതി മെമ്മറി കാർഡ് പരിശോധിക്കാനെന്നാണ് പ്രോസികൂഷൻ അറിയിച്ചിരുന്നു.