കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിക്കാന്‍ നാലു ദിവസം മാത്രം അവശേഷിക്കെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ പരിശോധനാ ഫലം വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണസംഘം.
ഹൈക്കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് മെമ്മറി കാര്‍ഡ് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ എത്തിച്ചത്.
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സീല്‍വച്ച കവറില്‍ നല്‍കണമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. കോടതിയുടെ കസ്റ്റഡിയിലുള്ള കാര്‍ഡിലെ ദൃശ്യങ്ങള്‍ പുറത്തുപോയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അത് കേസിലെ നിര്‍ണായക വഴിത്തിരിവാകും.
2020 ജനുവരി 29ന് കേന്ദ്ര ഫോറന്‍സിക് ലാബ് നല്കിയ റിപ്പോര്‍ട്ടും കേസിലെ തുടരന്വേഷണത്തിനിടയാക്കിയ വെളിപ്പെടുത്തലുമാണ് നിലവില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുന്നതിനിടയാക്കിയത്.
2017 ഫെബ്രുവരി 18ന് അവസാനമായി പരിശോധിച്ച മെമ്മറി കാര്‍ഡ്, 2018 ഡിസംബര്‍ 13നും അതിനുമുമ്പ് പലതവണയും അനധികൃതമായി തുറന്നതായി കണ്ടെത്തി എന്നാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബ് ജോയിന്റ് ഡയറക്ടര്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
അതിന്റെ ഭാഗമായി കാര്‍ഡിന്റെ ഹാഷ്വാല്യു വ്യത്യാസപ്പെട്ടതായും അദ്ദേഹം ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. മെമ്മറി കാര്‍ഡ് ഓരോ തവണ കൈകാര്യം ചെയ്യുമ്പോഴും ഹാഷ് വാല്യൂവില്‍ മാറ്റം വരും.