കൊച്ചി: നടിയെ ആക്രമിച്ച കേസില് അന്തിമവാദം തുറന്ന കോടതിയില് വേണമെന്ന ഹര്ജിയുമായി അതിജീവിത വിചാരണക്കോടതിയില്. വിചാരണയുടെ വിവരങ്ങള് പുറംലോകം അറിയുന്നതില് എതിര്പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില് നടത്തണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത വിചാരണക്കോടതിയില് ഹര്ജി നല്കിയത്.
വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരേ തെറ്റായ കാര്യങ്ങള് പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാര്ഥവശങ്ങള് പുറത്തുവരാന് തുറന്ന കോടതിയില് അന്തിമ വാദം നടത്തണം. ഹര്ജി എറണാകുളം ജില്ലാ പ്രിന്സിപ്പല് സെഷന്സ് കോടതി ഇന്ന് പരിഗണിച്ചേക്കും.നടിയെ ആക്രമിച്ച് അപകീര്ത്തികരമായ ദൃശ്യങ്ങള് പകര്ത്തിയ കേസില് അന്തിമവാദം കഴിഞ്ഞദിവസം തുടങ്ങിയിരുന്നു.
ഏതാണ്ട് ഒരുമാസമാണ് നടപടികള് നീണ്ടുനില്ക്കുക. ഇതിനിടെയാണ് പുതിയ നീക്കവുമായി അതിജീവിത രംഗത്തെത്തിയിരിക്കുന്നത്. താന് അതിജീവിതയാണെന്നും തനിക്കുനേരേയാണ് ആക്രമണമുണ്ടായതെന്നും അവര് ഹര്ജിയില് പറയുന്നു. മെമ്മറി കാര്ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില് നേരത്തെ അതിജീവിത കോടതിയില് അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.
സുപ്രീം കോടതി മാര്ഗ നിര്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേസിന്റെ ഇതുവരെയുള്ള വിചാരണ നടപടികള് അടച്ചിട്ട കോടതിമുറിയിലായിരുന്നു നടന്നത്. എന്നാല് വാദം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ കോടതിയില് നടക്കുന്ന കാര്യങ്ങള് പൊതുസമൂഹം കൂടി അറിയട്ടെ. ഇതില് തന്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയില് വ്യക്തമാക്കിയിരിക്കുന്നത്.
കേസില് മെമ്മറി കാര്ഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് അതിജീവിത നേരത്തെ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. മെമ്മറി കാര്ഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചായിരുന്നു അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോര്ട്ടില് ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാര്ക്ക് എതിരേ നടപടി എടുക്കണമെന്നും പരാതിയില് ആവശ്യപ്പെട്ടിട്ടുണ്ട്.
മുന് ഡിജിപി ആര്. ശ്രീലേഖയ്ക്ക് എതിരേ നേരത്തെ അതിജീവിത കോടതി അലക്ഷ്യ ഹര്ജിയും ഫയല് ചെയ്തിരുന്നു. വിചാരണ കോടതിയിലാണ് അതിജീവിത ഹര്ജി നല്കിയത്. പോലീസ് കള്ളത്തെളിവുകള് ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹര്ജി. ഒരു ഓണ്ലൈന് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില് ഓടിക്കൊണ്ടിരുന്ന വാഹനത്തില് നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന് ദിലീപ് ഉള്പ്പെടെ ഒന്പത് പേരാണ് കേസില് പ്രതികള്. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില് മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പള്സര് സുനിക്ക് ഏഴര വര്ഷത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.