കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്നു വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്നു തീരുമാനിക്കും.
വിചാരണക്കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ചാണ് അന്വേഷണ സംഘം അനുകൂല വിധി നേടിയത്.
ദിലീപിന്റെ ഹര്ജിയുംപരിഗണിക്കും
അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ കൈവശമുള്ള നടിയെ ആക്രമിക്കു ന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതും ഇന്നു പരിഗണിക്കും.
സുനിയുടെ അമ്മയുടെ മൊഴിയെടുത്തേക്കും
പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് ആലുവ കോടതിയില്‍ രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മജിസ്ട്രേറ്റിന് കോവിഡ് ബാധിച്ചതിനാല്‍ മാറ്റിവക്കുകയായിരുന്നു.
തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടും
കേസിന്റെ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം തേടും. അന്വേഷണം സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും കൂടുതല്‍ സമയം തേടുകയെന്നാണ് അറിയുന്നത്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ക്കു ശേഷം രണ്ടാഴ്ച പിന്നിടുമ്പോഴും ഒന്നാം പ്രതി പള്‍സര്‍ സുനി, എട്ടാം പ്രതി നടന് ദിലീപ് എന്നിവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ദിലീപടക്കം ആറുപേര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്. തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനിയെ ജയിലില്‍ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയില്‍ അന്വേഷണ സംഘം ഹര്‍ജി നല്‍കിയിട്ടുണ്ട്.
തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ വേണം എന്നാണ് സുനില്‍ കോടതിയോട് അഭ്യര്‍ഥിച്ചിട്ടുള്ളത്. രണ്ട് ഹര്‍ജികളും ഇന്ന് പരിഗണിക്കും.
പ്രോസിക്യൂഷനുവേണ്ടി കെ.ബി. സുനില്‍കുമാര്‍ ഹാജരാകും
നടി കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍ വിചാരണക്കോടതിയില്‍ ഹാജരാകും.
കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഡി. അനില്‍കുമാര്‍ രാജിവച്ചിരുന്നു. പകരം സംവിധാനം ഉണ്ടാകുന്നതുവരെ കേസ് നടത്താനായി ഇദേഹത്തിനു ചുമതല നല്‍കിയിരിക്കുകയാണ്.
ശരത്ത് ഒളിവില്‍ തന്നെ
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ നടന് ദിലീപിന്റെ അടുത്ത സുഹൃത്ത് ശരത്ത് ജി. നായര്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേസില്‍ ആറാം പ്രതിയായ ഇയാള്‍. അതേസമയം കേസില്‍ ഉള്‍പ്പെട്ട് വിഐപി ശരത്താണോയെന്ന് കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ഇയാളുടെ ശബ്ദ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ദിലീപിനെതിരേ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്ന സംവിധായകന് ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ചിത്രം കണ്ടു സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ശബ്ദപരിശോധന.
ഗൂഢാലോചന നടന്നുവെന്നു പറയുന്ന ദിവസം ദിലീപിന്റെ വീട്ടില്‍ ശരത്ത് എന്നയാള്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. അന്നു വീട്ടിലുണ്ടായിരുന്ന ദിലീപിന്റെ ബന്ധുവിന്റെ കുട്ടി “ശരത് അങ്കിള്‍’ വന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞെന്നും മൊഴിയില്‍ സൂചിപ്പിച്ചിരുന്നു.
ശരത്തുമായി ഫോണില്‍ സംസാരിച്ച് ശബ്ദസാമ്പിള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയതിനാല്‍ സാധിച്ചില്ല.
ഒടുവില്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദസാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. പരിശോധനാഫലം വന്നാലെ വിഐപിയുടെ കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശരത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ഇന്ന് പരിഗണിക്കും.