കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരെ 15ാം പ്രതിയാക്കി അന്വേഷണസംഘം അങ്കമാലി കോടതിയില്‍ തുടരന്വേഷണത്തിലെ അനുബന്ധ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ശരത്തിന്റെ കൈയില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ അധിക കുറ്റപത്രമല്ലിത്.
തുടരന്വേഷണത്തിലെ അന്തിമ റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും. ഈ മാസം 31 വരെയാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം.
തെളിവ് നശിപ്പിച്ചതിന് ശരത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിവരം കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നതെന്നാണ് വിവരം.
അങ്കമാലി മജിട്രേറ്റ് കോടതി ഈ റിപ്പോര്‍ട്ട് സെഷന്‍സ് കോടതിക്ക് അടുത്ത ദിവസം കൈമാറും. 31ന് നല്കുന്ന അധിക കുറ്റപത്രത്തില്‍ ഇക്കാര്യങ്ങളും ഉള്‍പ്പെടുത്തും.
തുടരന്വേഷണത്തില്‍ ശരത്തിനെ മാത്രമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. കേസില്‍ ഇതുവരെ 15 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. മൂന്ന് പ്രതികളെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടിരുന്നു.
വധഗൂഢാലോചന കേസില്‍ ആറാം പ്രതിയാണ് ശരത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായി ദിലീപ് തുടരും. തുടരന്വേഷണത്തില്‍ ദിലീപിനെതിരെ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യ കാവ്യയെ ചോദ്യം ചെയ്തിരുന്നെങ്കിലും സാക്ഷിയായാണ് അധികകുറ്റപത്രത്തിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് തുടരന്വേഷണം നടത്തിയത്.