കൊച്ചി: “ഈശോ’ എന്ന പേരു സിനിമയ്ക്കു നല്കി വിശ്വാസത്തെയും വിശ്വാസികളെയും വ്രണപ്പെടുത്തിയെന്ന ആക്ഷേപം നേരിട്ടു വിവാദത്തിലായ നാദിര്‍ഷ ചിത്രത്തിനെതിരേ തിരക്കഥ മോഷണ ആരോപണവുമായി എഴുത്തുകാരന്.
തിരുവല്ല സ്വദേശിയായ തിരക്കഥാകൃത്ത് ഷാജി കാരയ്ക്കലാണ് ഈശോ എന്ന സിനിമയുടെ ടൈറ്റിലും പ്രമേയവും തന്റേതാണെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയത്.
“ഈശോ വക്കീലാണ്’ എന്ന പേരില്‍ താന്‍ തയാറാക്കിയ തിരക്കഥയുടെ പ്രചോദനത്തിലാണു നാദിര്‍ഷ ഈശോ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം ഒരുക്കിയിട്ടുള്ളതെന്നു ഷാജി പറയുന്നു.
2019 മേയ് ആദ്യവാരം നാദിര്‍ഷയ്ക്കു തന്റെ തിരക്കഥ വായിക്കാന്‍ നല്‍കിയിരുന്നു. നാദിര്‍ഷയുടെ ആവശ്യപ്രകാരം ഇടപ്പള്ളിയിലെ അദ്ദേഹത്തിന്റെ ഹോട്ടലിന്റെ മാനേജര്‍ സന്തോഷിന്റെ പക്കലാണു തിരക്കഥ ഏല്പിച്ചത്.
തിരക്കഥ വായിച്ചു മൂന്നു മാസം കഴിഞ്ഞ് തിരിച്ചേല്‍പ്പിച്ചു. സീരിയസായ പ്രമേയമാണെന്നും താന്‍ ചെയ്താല്‍ ശരിയാകില്ലെന്നും പറഞ്ഞാണു തിരക്കഥ മടക്കി നല്‍കിയത്.
മാസങ്ങള്‍ക്കുശേഷം ഈശോ എന്ന പേരിലുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റും കണ്ടപ്പോഴാണു തന്റെ തിരക്കഥയുമായി സിനിമയ്ക്കു സാമ്യമുള്ള കാര്യം അറിഞ്ഞത്. മനസിലാക്കിയിടത്തോളം സിനിമയുടെ പശ്ചാത്തലവും പ്രമേയവും തന്റെ തിരക്കഥയുമായി ഏറെ ബന്ധമുണ്ട്. തുടര്‍ന്നു നാദിര്‍ഷയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.
ജയസൂര്യയെ നായകനാക്കിയുള്ള സിനിമ എന്ന നിലയില്‍തന്നെയാണ് ഈശോ വക്കീലാണ് എന്ന തിരക്കഥ താന്‍ തയാറാക്കിയത് – ഷാജി പറയുന്നു. മൂന്നു വര്‍ഷത്തിലധികം കഷ്ടപ്പെട്ടു തയാറാക്കിയ തിരക്കഥയാണ്. റിയല്‍ സ്റ്റോറിയോടു ബന്ധപ്പെടുത്തിയാണു തിരക്കഥ ഒരുക്കിയത്. തന്റെ സൃഷ്ടി മറ്റൊരാള്‍ ഉപയോഗിക്കുന്നതില്‍ സങ്കടമുണ്ട്. നിയമനടപടികള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.