കൊച്ചി: മലപ്പുറം: കൊച്ചിയിലെ മാളിൽവച്ചു നടിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നു മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ യുവാക്കൾ.
നടിയോടു മാപ്പുപറയാൻ തയാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവിൽ പോയതെന്നും മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദും ആദിലും പറഞ്ഞു.
ഷോപ്പിംഗ് മാളിലെ ഹൈപ്പർമാർക്കറ്റിൽ വച്ചാണു നടിയെ കണ്ടത്. അത് നടിയായിരുന്നോയെന്ന് ഉറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നതു കണ്ടപ്പോഴാണു നടിയാണെന്നുറപ്പിച്ചത്.
നടിയാണെന്നു മനസിലായപ്പോൾ അവരുടെ അടുത്തെത്തി സംസാരിച്ചു. എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നു ചോദിച്ചപ്പോൾ നടിയുടെ സഹോദരി ഗൗരവത്തോടെ മറുപടി പറയുകയായിരുന്നു. അപ്പോൾ തന്നെ തിരിച്ചുവന്നെന്നും പ്രതികൾ പറഞ്ഞു.
നടിയുടെ പുറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ടു ശരീരത്തിൽ സ്പർശിച്ചിട്ടില്ല. നടിയോടും കുടുംബത്തോടും ക്ഷമചോദിക്കുന്നുവെന്നും പ്രതികൾ പ്രതികരിച്ചു.
യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണു പ്രതികളെ നടി തിരിച്ചറിഞ്ഞത്. കൊച്ചി മെട്രോയിലാണു പ്രതികൾ മാളിലെത്തിയതും തിരിച്ചുപോയതും.
മാളിലെത്തിയ പ്രതികൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ഒരു വിവരവും ഗേറ്റിൽ നൽകിയിരുന്നില്ല. മറ്റൊരു സംഘത്തോടൊപ്പമുള്ളവരെന്ന തോന്നലുണ്ടാക്കി സെക്യൂരിറ്റിയെ കബളിപ്പിച്ച് അകത്തുകടക്കുകയായിരുന്നു.