ചാത്തന്നൂർ: കഴിഞ്ഞ ദിവസം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ വച്ച് ഭർത്താവ് തീ വച്ച് കൊന്ന നദീറയുടെ മാതാവും സഹോദരിയും സഹോദരി ഭർത്താവും കുടകിൽ നിന്നും ഇന്ന് പാരിപ്പള്ളിയിലെത്തും.
നദീറയെ കൊലപ്പെട്ടുത്തിയശേഷം കഴുത്തറുത്തിട്ട് കിണറ്റിൽ ചാടി മരിച്ച റഹീമിന്റെ മൃതദേഹം ബന്ധുക്കൾ ആരും ഇതു വരെ ഏറ്റുവാങ്ങിയിട്ടില്ല. റഹീമിനന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾ എത്തി ഏറ്റുവാങ്ങും എന്ന പ്രതീക്ഷയിലാണ് പോലീസ്.
ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് നദീറ ജോലി ചെയ്യുന്ന പാരിപ്പള്ളിയിലെ അക്ഷയ കേന്ദ്രത്തിലെത്തിയ റഹീം പെട്രോൾ ഒഴിച്ച് നദീറയെ കത്തിച്ചു കൊന്നത്.
റഹീം സ്വയം കഴുത്തറുത്ത ശേഷം തൊട്ടടുത്തുള്ള വീട്ടിലെ കിണറ്റിൽ ചാടി മരിക്കുകയായിരുന്നു. കർണ്ണാടകയിലെ കുടക് സ്വദേശിനിയായ നദീറയെ റഹീം വിവാഹം കഴിച്ച് പള്ളിക്കലിൽ കൊണ്ടുവരികയായിരുന്നു.
ഇവർക്ക് രണ്ട് മക്കളുണ്ട്. നദീറയുടെ പിതാവിന്റെ ബന്ധുക്കൾ കല്ലമ്പലത്തിനടുത്ത് മുത്താന എന്ന സ്ഥലത്തുണ്ട്.പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ അവിടെ തന്നെ സൂക്ഷിക്കുകയാണ്.
നദീറയുടെ മൃതദേഹം നദീറയുടെ പിതാവിന്റെ സഹോദരൻ സലീം ഇന്നലെ തന്നെ ഏറ്റുവാങ്ങിയിരുന്നു എന്ന് പാരിപ്പള്ളി എസ് എച്ച് ഒ ദിപു പറഞ്ഞു.കുടകിൽ നിന്നും നദീറയുടെ ബന്ധുക്കൾ എത്തിയ ശേഷം മോർച്ചറി യിൽ നിന്നെടുത്ത് സംസ്കാരം നടത്തുമെന്നാണ് നദീറയുടെ പിതാവിന്റെ ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.
എന്നാൽ റഹീമിന്റെ മൃതദേഹം ഇന്നലെ ആരും ഏറ്റുവാങ്ങിയില്ല. റഹിമിന് മൂന്ന് സഹോദരിമാരുണ്ട്. ഇവർ പള്ളിക്കലും പരിസരങ്ങളിലുമാണ് താമസിക്കുന്നത്.
ഇവർ ഇന്നെത്തി മൃതദേഹം ഏറ്റുവാങ്ങാൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.അതേസമയം ഇവരുടെ രണ്ടു മക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻറഹീമിന്റെ ഒരു ബന്ധു തയാറാകാൻ സാധ്യതയുണ്ട് എന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.