തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വേണ്ടെന്നു പോലീസ് ഉന്നതതല തീരുമാനം. പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കാനുള്ള തീരുമാനമാണ് പോലീസ് വേണ്ടെന്നു വച്ചത്. ഇന്നലെ സംഘാംഗങ്ങൾ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.
ഏറെ ശ്രദ്ധയാകർഷിച്ച കേസിൽ മാപ്പുസാക്ഷി കൂറുമാറിയാൽ കോടതിയിൽ കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു സുപ്രധാന തീരുമാനം. ദിലീപിന്റെ മാനേജർ അപ്പുണ്ണി, സുഹൃത്തും സംവിധായകനുമായ നാദിർഷാ, നടിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്ന മാർട്ടിൻ എന്നിവരെയാണു മാപ്പുസാക്ഷിയാക്കാൻ പരിഗണിച്ചിരുന്നത്.
അറസ്റ്റ് ചെയ്യാനും പിന്നീടു മാപ്പു സാക്ഷിയാക്കാനും ഉദ്ദേശിച്ചിരുന്ന അപ്പുണ്ണി ഇപ്പോൾ ഒളിവിലാണ്. നാദിർഷായുടെ കാര്യത്തിലും പോലീസിനു വിശ്വാസമില്ല. മൂന്നു ദിവസം ദിലിപീനെ പോലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്തിട്ടും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. നിലവിലുള്ള തെളിവുകൾ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്ന തരത്തിലേക്കു മാറ്റാനാണു പോലീസ് തീരുമാനമെന്നാണു സൂചന.
പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കുന്നതിനെ ഐജി ദിനേന്ദ്രകശ്യപും തുടക്കത്തിൽ അനുകൂലിച്ചിരുന്നില്ല. ദിലീപിന്റെ രഹസ്യനന്പറിൽനിന്നു നിരവധി വിളികളെത്തിയ എംഎൽഎമാരെ ചോദ്യംചെയ്യുന്ന കാര്യവും രാഷട്രീയ സമ്മർദത്തെത്തുടർന്നു പോലീസ് ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ഇനി പൾസർ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയെ ചോദ്യംചെയ്യാനും ഇതിൽനിന്നു ലഭിക്കുന്ന വിവരത്തിന്റെ കൂടി അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുമാണ് പോലീസ് തീരുമാനം.