മിമിക്രി രംഗത്ത് നിന്നും സിനിമയിലെക്ക് എത്തി അവിടെ നിന്നും സംവിധായകനായി മാറിയ ആളാണ് നാദിര്‍ഷ. എടുത്ത രണ്ട് ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററാക്കിയ നാദിര്‍ഷയുടെ മൂന്നാമത്തെ ചിത്രം മേരാ നാം ഷാജി റിലീസിനൊരുങ്ങുകയാണ്.
ഒരുപാട് കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ നിന്നും ഈ നിലയിലെത്തിയ മനുഷ്യനാണ് അദ്ദേഹം. ചെറുപ്പകാലത്ത് വിക്ക് മൂലം സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ആളായിരുന്നു നാദിര്‍ഷ. അദ്ദേഹം പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആണ് അദ്ദേഹത്തിന്റെ അച്ഛന്‍ മരിക്കുന്നത്. കുടുംബം തന്റെ തോളില്‍ ആയപ്പോള്‍ ആണ് ജോലിക്ക് പോകാന്‍ തുടങ്ങിയത്.
കഴിക്കാന്‍ ആഹാരമോ ധരിക്കാന്‍ വസ്ത്രമോ ഇല്ലാത്ത അവസ്ഥ. ബന്ധുക്കളുടെ പഴയ വസ്ത്രങ്ങള്‍ വാങ്ങിയാണ് ധരിച്ചിരുന്നത്. പകല്‍ കോളെജിലും രാത്രിയില്‍ ജോലിക്കും പോയാണ് കുടുംബം പോറ്റിയിരുന്നത്. പാറ പൊട്ടിക്കുന്നതായിരുന്നു പണി. പൊളിച്ച പാറ ഖഷ്ണങ്ങള്‍ എടുത്ത് മാറ്റുമ്പോള്‍ കുട്ടുകാരെ കളിയാക്കാന്‍ ആണ് പാരഡി പാടി തുടങ്ങിയത്. അത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചു എന്ന് പറയുകയാണ് നാദിര്‍ഷ.