നടിയെ ആക്രമിച്ച കേസുമായ ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയുടെ പങ്കിനെപ്പറ്റി പോലീസിനു സൂചന ലഭിച്ചത് കേസ് അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തില്‍. ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷായെ മൂന്നു തവണ ഫോണ്‍ വിളിച്ചതിനു തെളിവുണ്ട്. എന്നാല്‍, ഒരു തവണയേ വിളിച്ചിട്ടുള്ളൂവെന്നാണു നാദിര്‍ഷാ പറഞ്ഞത്. പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് നാദിര്‍ഷ പറയുന്നതെങ്കിലും അറിയാമെന്നതിനു തെളിവുണ്ടെന്ന നിലപാടിലാണ് പോലീസ്.
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ െഹെക്കോടതി പരിഗണിക്കും. ദിലീപിനെതിരേയുള്ളതു പോലെ ഗുരുതര കുറ്റാരോപണങ്ങള്‍ നാദിര്‍ഷയ്ക്കെതിരേ ഉന്നയിക്കാന്‍ അന്വേഷണ സംഘത്തിനു കഴിയാത്തതാണ് തിടുക്കത്തിലുള്ള അറസ്റ്റിലേക്കു നീങ്ങാത്തതെന്നാണു വിവരം. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇതു തടയാനാകില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഏതുനിമിഷവും നാദിര്‍ഷയെ അറസ്റ്റ് ചെയ്യാമെന്നു സൂചനയുണ്ടായിരുന്നു.
നാദിര്‍ഷാ സുനിക്കു 25,000 രൂപ കൊടുത്തതു സംബന്ധിച്ചും ഡി.ജി.പിക്കു നല്കിയ ഫോണ്‍ റെക്കോഡിങ് പൂര്‍ണമാണെന്ന് വാദിക്കുന്നതു സംബന്ധിച്ചും വ്യക്തമായ ഉത്തരവും കിട്ടേണ്ടതുണ്ട്. ദിലീപിനൊപ്പം മുമ്പ് നാദിര്‍ഷയെയും പതിമൂന്നു മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.