കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ സംവിധായകൻ നാദിർഷയ്ക്കെതിരെ അന്വേഷണ സംഘത്തിന്റെ പക്കൽ വ്യക്തമായ തെളിവുകളുണ്ടെന്നു സൂചന. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാദിർഷ ഡിസ്ചാർജ് ആയാലുടൻ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങുന്നതായാണു ലഭിക്കുന്ന വിവരങ്ങൾ. കേസിലെ നിർണായക തെളിവായ, നടിയുടെ ചിത്രങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോണ് എവിടെയെന്നതു സംബന്ധിച്ച് നാദിർഷയ്ക്ക് അറിയാമെന്ന നിഗമനത്തിലാണു പോലീസ്.
കേസ് നിർണായകഘട്ടത്തിൽ എത്തിനിൽക്കേ ഫോണ് എത്രയും വേഗം കണ്ടെത്തേണ്ടതുണ്ട്. ആദ്യഘട്ട ചോദ്യം ചെയ്യലിനുശേഷം നാദിർഷയുടെ നീക്കങ്ങൾ നിരീക്ഷിച്ചതിൽനിന്നുമാണു സംഘം ഈ നിഗമനത്തിലെത്തിയതെന്നാണു ലഭിക്കുന്ന വിവരങ്ങൾ. കേസിന്റെ ആദ്യഘട്ടം മുതൽ അന്വേഷണ സംഘം മൊബൈൽ ഫോണിനായുള്ള തെരച്ചിലിലായിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
പ്രതികൾ നൽകിയ മൊഴിയനുസരിച്ച് പല സ്ഥലങ്ങളിലും പോലീസ് തെരച്ചിൽ നടത്തി. മുഖ്യപ്രതിയായ പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫോണ് കൈമാറിയെന്നു കണ്ടെത്തിയ സുനിയുടെ ആദ്യ അഭിഭാഷകനെ ചോദ്യം ചെയ്തിരുന്നു. ഫോണ് കത്തിച്ചുകളഞ്ഞതായാണു അഭിഭാഷകൻ മൊഴിനൽകിയതെങ്കിലും അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
പിന്നീട് നടത്തിയ അന്വേഷണത്തിനിടെയാണു നാദിർഷയ്ക്കു ഫോണ് സംബന്ധിച്ച വിവരങ്ങൾ അറിയാമെന്നു പോലീസ് കണ്ടെത്തിയതെന്നാണു സൂചന. എന്നാൽ, ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകുവാനോ നാദിർഷയെ എപ്പോൾ അറസ്റ്റ് ചെയ്യുമെന്നതു സംബന്ധിച്ചോ വ്യക്തതവരുത്താൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഇതിനിടെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയെയും ഉടൻ ചോദ്യം ചെയ്യുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. തന്റെ മാഡം കാവ്യയാണെന്ന പർസർ സുനിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലും കേസ് സംബന്ധിച്ച മറ്റ് ചില കാര്യങ്ങൾ ചോദിച്ചറിയുന്നതിനുമായാണു കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്നാണു സൂചന.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടിയിരിക്കുകയാണ്. ഹർജി വീണ്ടും ഈ മാസം 13നു പരിഗണിക്കും. ഹൈക്കോടതി ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ, അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അനുവദിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ഹർജിക്കാരന്റെ അഭിഭാഷകൻ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹർജി 13 ലേക്കു മാറ്റുകയായിരുന്നു.