ആലുവ: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ശക്തമായ നിലപാടുമായി പോലീസ് രംഗത്ത്. നാദിർഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും. വിഷയത്തിൽ നേരത്തേ കോടതി സർക്കാർ നിലപാട് തേടിയിരുന്നു. കേസിൽ നാദിർഷായെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനുശേഷം മാത്രമേ അറസ്റ്റ് തീരുമാനിക്കാൻ സാധിക്കുകയുള്ളുവെന്നുമാണ് പോലീസ് നിലപാട്.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷാ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി 13നു പരിഗണിക്കാനാണ് മാറ്റിയിരിക്കുന്നത്. ഹർജിയിൽ സർക്കാരിന്റെ നിലപാട് അറിയാനാണു മാറ്റിയത്. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണു ഹർജി പരിഗണിച്ചത്. ഹർജിക്കാരന് അനുകൂലമായി ഇടക്കാല ഉത്തരവിടരുതെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അറസ്റ്റ് ചെയ്യുമെന്നു പോലീസ് ഭീഷണിപ്പെടുത്തുന്നെന്നും പോലീസിന്റെ കനത്ത സമ്മർദം നേടിരാൻ കഴിയുന്നില്ലെന്നും കാട്ടിയാണ് നാദിർഷാ ജാമ്യാപേക്ഷ നൽകിയത്. പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തെറ്റായ മൊഴികൾ പറയാൻ പോലീസ് ആവശ്യപ്പെടുന്നതായും നാദിർഷാ ഹർജിയിൽ പറയുന്നു.