നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷയ്ക്കെതിരേ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മൊഴി. കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുത്തപ്പോഴാണ് നാദിര്‍ഷയ്ക്കെതിരായ വിവരങ്ങള്‍ സുനി പോലീസിന് നല്‍കിയത്. തൊടുപുഴയില്‍ ഷൂട്ടിംഗ് സെറ്റില്‍ വച്ച് നാദിര്‍ഷ തനിക്ക് 25,000 രൂപ നല്‍കിയെന്നാണ് സുനില്‍കുമാറിന്റെ മൊഴി. ദിലീപ് നിര്‍മാണ പങ്കാളിയായി നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക്റോഷന് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് പണം കൈമാറിയത്. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് നാദിര്‍ഷ പണം നല്‍കിയതെന്നും സുനി പറയുന്നു.
അതേസമയം നാദിര്‍ഷ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പണം സംബന്ധിച്ച കാര്യം പറയുന്നുണ്ട്. ദിലീപ് പറഞ്ഞതുപ്രകാരം സുനിക്ക് 25,000 രൂപ നല്‍കിയെന്ന് പറയാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുകയാണെന്നാണ് നാദിര്‍ഷ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കേസില്‍ ദിലീപിനെതിരേ തന്നെക്കൊണ്ട് മൊഴി നല്‍കിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും നാദിര്‍ഷ ആരോപിക്കുന്നു.
അതിനിടെ ആലുവ സബ്ജയിലില്‍ കഴിയുന്ന, നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു. വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുവെന്ന് സുരക്ഷാ ജീവനക്കാരാണ് വ്യക്തമാക്കിയത്. വെള്ളം വീണ് രജിസ്റ്റര്‍ നശിച്ചുവെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. കാവ്യയുടെ വില്ലയില്‍ താന്‍ പോയിട്ടുണ്ടെന്ന് നേരത്തെ, പള്‍സര്‍ സുനി വ്യക്തമാക്കിയിരുന്നു. ഇവിടുത്തെ സന്ദര്‍ശക രജിസ്റ്ററില്‍ താന്‍ പേരും ഫോണ്‍നമ്പരും രേഖപ്പെടുത്തിയെന്നും സുനി പോലീനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, രജിസ്റ്റര്‍ നശിച്ചുവെന്ന് ജീവനക്കാര്‍ വ്യക്തമാക്കിയത്. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. രജിസ്റ്റര്‍ മനഃപ്പൂര്‍വം നശിപ്പിച്ചതാണോയെന്ന പരിശോധിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.