കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 13 ന് പരിഗണിക്കും. അതേസമയം അറസ്റ്റ് തടയണമെന്ന നാദിർഷയുടെ ആവശ്യം കോടതി തള്ളി.
ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാട് തേടിയ കോടതി നാദിർഷായുടെ അഭിഭാഷകന്റെ ആവശ്യപ്രകാരം വാദം കേൾക്കുന്നതു മാറ്റിവയ്ക്കുകയായിരുന്നു. കോടതിയുടെ അവധിക്കാല ബഞ്ചാണു ഹർജി പരിഗണിച്ചത്. അവധിക്കുശേഷം ഹർജി പരിഗണിക്കാനാണു മാറ്റിയത്. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടതിനു പിന്നാലെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച നാദിർഷ മുൻകൂർ ജാമ്യം തേടുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അഭിഭാഷകൻ മുഖേന ഹൈക്കോടതിയിൽ ജാമ്യഹർജി നൽകിയത്.
കേസിൽ പ്രോസിക്യൂഷനെ തുണയ്ക്കുന്ന രീതിയിൽ തെറ്റായ മൊഴി നൽകാനായാണു പോലീസ് വീണ്ടും വിളിപ്പിക്കുന്നതെന്നാണു നാദിർഷ ജാമ്യാപേക്ഷയിൽ പറഞ്ഞത്. അറസ്റ്റു ചെയ്യുമെന്നു പോലീസ് ഭീഷണിപ്പെടുത്തുകയാണ്. കടുത്ത മാനസിക സമ്മർദ്ദം മൂലം ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ മണിക്കൂറുകളോളം താൻ ചോദ്യം ചെയ്യലിനു വിധേയനായതാണ്. കേസുമായി എല്ലാ തരത്തിലും സഹകരിച്ചെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങൾ അന്നു പറഞ്ഞതാണെന്നും ഹർജിയിൽ പറയുന്നു. അതേസമയം, നാദിർഷയ്ക്കു ജാമ്യം നൽകുന്നതു പ്രോസിക്യൂഷൻ ശക്തമായി എതിർക്കുമെന്നാണു വിവരം.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിച്ചതെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടും. കേസിൽ നേരത്തെ ദിലീപിനൊപ്പം നാദിർഷയെ പന്ത്രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ നാദിർഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപിനെ സഹായിക്കാനാണ് ഈവിധം കളവു പറഞ്ഞതെങ്കിലും കേസിൽ ഇതുവരെ പ്രതിയാക്കാത്തതിനാൽ ജാമ്യത്തിന്റെ കാര്യമില്ലെന്നാകും പ്രോസിക്യൂഷൻ വ്യക്തമാക്കുക.
കേസ് അന്വേഷണം അവസാനഘട്ടത്തിൽ എത്തിനിൽക്കേ ഇതുവരെ ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ പശ്ചാത്തലത്തിൽ നാദിർഷയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടാകും പ്രോസിക്യൂഷൻ സ്വീകരിക്കുക. നടി ആക്രമിക്കപ്പെട്ട കേസിൽ നാദിർഷയ്ക്കു നേരിട്ടു പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ ഇതുവരെയുള്ള നിഗമനം. എന്നാൽ പിന്നീട് നടന്ന സംഭവങ്ങളിൽ സുഹൃത്തായ ദിലീപിനെ രക്ഷിക്കാനും മറ്റും നാദിർഷയുടെ ഭാഗത്തുനിന്നു ശ്രമമുണ്ടായതായി പോലീസ് നിരീക്ഷിക്കുന്നു.
പൾസർ സുനി കഴിഞ്ഞിരുന്ന കാക്കനാട് ജയിലിൽനിന്നു വിഷ്ണു എന്ന പേരിൽ ഭീഷണിപ്പെടുത്തിയുള്ള ഫോണ് കോൾ ആദ്യം വന്നതും നാദിർഷയ്ക്കായിരുന്നു. മുൻപരിചയം ഉണ്ടായിരുന്നതിനാലാകാം സുനി നാദിർഷയെ ബന്ധപ്പെടാൻ ശ്രമിച്ചതെന്ന് അന്വേഷണ സംഘം സംയിക്കുന്നു. എന്നാൽ, ആദ്യഘട്ട ചോദ്യം ചെയ്യലിൽ പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടാണു നാദിർഷ സ്വീകരിച്ചിരുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതു തെറ്റാണെന്ന ബോധ്യമായ സംഘം കൂടുതൽ വ്യക്തതയ്ക്കുവേണ്ടിയാണു നാദിർഷയെ വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.
നാദിർഷയോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടത് ഫോണിൽ മെസേജ് അയച്ച്
കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്വേഷണ സംഘം നാദിർഷയോട് ആവശ്യപ്പെട്ടതു ഫോണിൽ മെസേജ് അയച്ച്. ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബിൽ എത്തുവാനാണ് ആവശ്യപ്പെട്ടതെന്നും ഇതറിയിച്ച് നോട്ടീസ് നൽകിയിട്ടില്ലെന്നും നാദിർഷ രാഷ്ട്രദീപികയോട് വ്യക്തമാക്കി. കേസ് അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇതിനായി പോലീസ് ക്ലബിൽ എത്തുവാനുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതു ഫോണ് സന്ദേശമായി അയയ്ക്കുകയായിരുന്നുവെന്നും നാദിർഷ പറഞ്ഞു.