വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ കൈഞരമ്പ് മുറിച്ച ശേഷം കമിതാക്കള്‍ കൊക്കയില്‍ ചാടി എന്ന് പ്രചരിക്കപ്പെട്ട സംഭവത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാവുന്നു.
കാന്തല്ലൂരില്‍ ഭ്രമരം സിനിമ ഷൂട്ട് സൈറ്റിലെ പാറക്കെട്ടില്‍ യുവാവിനെ മരിച്ചനിലയിലും യുവതിയെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ക്കോളേജിലേക്ക് മാറ്റുകയും ആശുപത്രിയില്‍ വെച്ച് യുവതി നല്‍കിയ മൊഴിയുമാണ് കേസ് വഴിത്തിരിവാകാന്‍ കാരണം.
പെരുമ്പാവൂര്‍ മാറമ്പള്ളി നാട്ടുകല്ലുങ്കല്‍ അലിയുടെ മകന്‍ വീട്ടില്‍ നാദിര്‍ഷാ അലി (30) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിനോദ സഞ്ചാരികളും സമീപത്തെ ആദിവാസി കോളനിയിലെ യുവാക്കളും നടത്തിയ തിരച്ചിലിലാണ് സമീപത്ത് മറയൂര്‍ സ്വദേശിനിയായ അദ്ധ്യാപികയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുന്നത്. അപകടനില തരണം ചെയ്ത യുവതി കാമുകനായ നാദിര്‍ഷായ്ക്കെതിരെ മൊഴി നല്‍കി.
തന്നെ കൊലപ്പെടുത്താന്‍ നോക്കിയെന്നും ബലം പ്രയോഗിച്ച് യുവാവ് തന്റെ കൈ ഞരമ്പ് മുറിച്ചെന്നും യുവതി പോലീസിനോട് പറഞ്ഞു.
വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞ് നാദിര്‍ഷ കാറില്‍വച്ച് വീഡിയോ ചിത്രീകരിച്ചിരുന്നു.
ചിത്രീകരണത്തിനിടെ നിഖിലയ്ക്ക് നേരെ കാമറ തിരിച്ചെങ്കിലും തനിക്കൊന്നും പറയാനില്ലെന്ന് നിഖില കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതും ഈ വീഡിയോയിലുണ്ട്.
വീഡിയോ എടുത്തത് വീട്ടുകാരെ ഭയപ്പെടുത്താനാണെന്നാണ് താന്‍ കരുതിയതെന്ന് യുവതി പറഞ്ഞു. ശേഷം കയ്യില്‍ ഇരുന്ന മദ്യം നാദിര്‍ഷ കുടിച്ചു.
നിഖിലയുടെ കൈ ഞരമ്പ് ബലം പ്രയോഗിച്ച് മുറിച്ചു. ഇതോടെ, ഭയന്ന നിഖില നാദിര്‍ഷായുടെ സഹോദരിക്കും സുഹൃത്തുക്കള്‍ക്കും വീഡിയോ അയച്ച് കൊടുക്കുകയും രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
കൈയ്യില്‍ നിന്നും രക്തം വാര്‍ന്നതോടെ നിഖില തളര്‍ന്ന് പാറപ്പുറത്ത് ഇരുന്നു. പിന്നീട് ഒച്ചപ്പാടുകേട്ടാണ് കണ്ണുതുറന്നത്. സമീപത്തേക്ക് വിനോദസഞ്ചാരികള്‍ വരുന്നത് കണ്ടതോടെ നാദിര്‍ഷ കൊക്കയിലേക്ക് എടുത്തുചാടി.
പേടിച്ച് നിലവിളിച്ച് ഓടുകയായിരുന്നു താനെന്ന് നിഖില പറയുന്നു. പാറപ്പുറത്ത് തളര്‍ന്ന് വീണ നിഖിലയെ വിനോദസഞ്ചാരികളാണ് കണ്ടെത്തത്തിയത്.
മറയൂര്‍ ജയ് മാതാ സ്‌കൂളിലെ അദ്ധ്യാപികയായ നിഖിലയും ഇതെ സ്‌കൂളില്‍ ഡാന്‍സ് പരിശീലകരോടൊപ്പം എത്തിയ പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷായും മൂന്നു വര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.
സംഭവസ്ഥലത്ത് നിന്നും കൈകള്‍ മുറിക്കാന്‍ ഉപയോഗിച്ച ബ്ലെയ്ഡ്, മദ്യകുപ്പി, ഇരുവരുടെയും ചെരുപ്പുകള്‍ വസ്ത്രം മൊബൈല്‍ ഫോണ്‍ എന്നിവ രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു.