അമ്പലപ്പുഴ: ഉമ്മാക്ക് പെരുന്നാൾ മുത്തം നൽകി യാത്ര പുറപ്പെട്ട മകന്റെ മൃതദേഹം വീട്ടിലെത്തിയപ്പോൾ തളർന്നു വീണ നദീറയെ ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും നാട്ടുകാരും കണ്ണീരിലായി.
കാക്കാഴം വേലിക്കകത്ത് അബ്ദുൽ വഹാബ് നദീറ ദമ്പതികളുടെ മകൻ അബ്ദുൽഖാദറാ (നവാബ് 20 )ണ് സുഹൃത്തുക്കളുമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ചങ്ങനാശേരി മാന്തുരുത്തിയിലുണ്ടായ അപകടത്തിൽ മരിച്ചത്.
പെരുന്നാൾ നിസ്ക്കാരത്തിന് ശേഷം മാതാപിതാക്കളെയും ബന്ധുക്കളെയും സഹോദരങ്ങളെയും മക്കളെയും,
അവരവരുടെ വീടുകളിൽ പോയി സന്ദർശിക്കുകയും പതിവിനെക്കാൾ കൂടുതൽ സന്തോഷത്തിൽ ഇടപെടുകയും സമ്മാനങ്ങൾ നൽകി യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ അവരാരും വിചാരിച്ചിരുന്നില്ല അന്ത്യയാത്ര യിലേക്കാണ് പൊന്നുമോൻ പോകുന്നതെന്ന്.
വിദേശത്തുള്ള പിതാവിനെ വീഡിയോകോൾ വിളിച്ചു കാണുകയും മാതാവിന് പുതുവസ്ത്രവും സഹോദരങ്ങൾക്ക് പെരുന്നാൾ സമ്മാനങ്ങളും നൽകിയിരുന്നു.
പുന്നപ്ര മാർ ഗ്രിഗോറിയസ് കോളജിൽ ഒന്നാം വർഷ ഡിഗ്രി പഠനത്തോടൊപ്പം വൈകുന്നേരങ്ങളിലും അവധിദിനങ്ങളിലും വളഞ്ഞവഴിയിലെ സൂപ്പർ മാർക്കറ്റിൽ ജോലിയും ചെയ്തിരുന്നു. കൂട്ടുകാരുടെ പ്രിയപ്പെട്ടവനുമായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ നിന്നും വീട്ടിലെത്തിച്ച മൃതദേഹം കാണുവാൻ വൻ ജനാവലി വീട്ടിൽ തടിച്ചുകൂടി.
അതിന് ശേഷം വൈകിട്ട് ആറോടെ കാക്കാഴം ജുമാ മസ്ജിദിൽ നൂറ്കണക്കിന് ആളുകളുടെ പ്രാർത്ഥനയോടെ ഖബറടക്കി.
പിതാവ് വഹാബ് മണ്ണഞ്ചേരി ചിറപ്പുറത്ത് കുടുംബാംഗവും മാതാവ് നദീറ കാക്കാഴം പുന്നക്കാട് കുടുംബാംഗവുമാണ്. ബിലാലും ഫർഹാനുമാണ് സഹോദരങ്ങൾ.