ചാത്തന്നൂർ: മൈക്രോ ഫിനാൻസ് വഴി വായ്പ വാഗ്ദാനം ചെയ്ത് വിവിധ വനിതാഗ്രൂപ്പുകളിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. കേരളപുരം അഞ്ജലി തീയേറ്ററിന് സമീപം നദിയാ മൻസിലിൽ നദിയ (29) ആണ് പിടിയിലായത്. ഇരവിപുരം വഞ്ചി കോവിലിന് സമീപം ആമ്പാടിയിൽ സിന്ധുവിന്റെ പരാതി യെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
ഇരവിപുരം പോലീസ് സ്റ്റേഷന്റെ പരിധിയിൽ നിന്നും 40 ഗ്രൂപ്പുകളിൽ നിന്നായി ആയിരം പേരിൽ നിന്നും 13 ലക്ഷം രൂപാ ഇവർ തട്ടിയെടുത്തിട്ടുള്ളതായാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്.
ഇവർ പിടിയിലായതറിഞ്ഞ് കുന്നിക്കോട് കരു നാംകോട്, മേക്കോൺ, കൊല്ലം മൂതാക്കര തുടങ്ങിയ സ്‌ഥലങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുള്ളതായി കാട്ടി നിരവധി വനിതകളും ഗ്രൂപ്പ് ലീഡർമാരും പരാതിയുമായി ഇരവിപുരം പോലീസിനെ സമീപിച്ചിട്ടുണ്ട്.
യൂണിയൻ ബാങ്കിൽ നിന്നും മൈക്രോ ഫിനാൻസ് വഴി വായ്പയെടുത്തു കൊടുക്കാമെന്ന് പറഞ്ഞ് ഒരാളിൽ നിന്നും 1300 രൂപാ വീതം തട്ടിയെടുത്ത ശേഷം ഇവർ മുങ്ങുകയായിരുന്നു. അംഗത്വ ഫീസെന്ന പേരിലാണ് ഇവർ 1300 രൂപാ വീതം വാങ്ങിയത്.
പണം തട്ടിയെടുത്ത ശേഷം മുങ്ങിയ ഇവർ കുന്നിക്കോട്ടുണ്ടെന്ന് ഇരവിപുരം സിഐ പങ്കജാക്ഷന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കൊല്ലം ഏസിപി ജോർജ് കോശിയുടെ നിർദേശപ്രകാരം ഇരവിപുരം എസ്ഐ ശ്രീകുമാർ, എഎസ്ഐ മാരായ രമാകാന്തൻ, വർഗീസ്, വനിതാ സിപിഒ അശ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ സംഘത്തിലുള്ള മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ പിടിയിലായതറിഞ്ഞ് തട്ടിപ്പിന് ഇരയായ നിരവധി സ്ത്രീകൾ ഇരവിപുരം പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്നു.