തനിക്കിപ്പോൾ ഏറ്റവും കൂടുതൽ ഓഫർ വരുന്നത് സീരിയലിൽ നിന്നാണെന്ന് നദിയാമൊയ്തു. തമിഴിൽ നിന്നും മലയാളത്തിൽ നിന്നുമെല്ലാം ശക്തമായ വേഷങ്ങൾ ചെയ്യാൻ വിളിക്കുന്നുണ്ട്. പക്ഷേ ദിവസേന കാണിക്കുന്ന സീരിയലിൽ അഭിനയിക്കാൻ തനിക്കു താൽപര്യമില്ലെന്ന് നദിയ.
എല്ലാ ദിവസവും എന്റെ മുഖം സ്ക്രീനിൽ കണ്ടാൽ എനിക്കു തന്നെ മടുക്കും. അപ്പോൾ പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ. അതുകൊണ്ടാണ് ടെലിവിഷൻ രംഗത്തുനിന്നു മാറിനിൽക്കുന്നത്. എന്നാൽ ഈ രംഗത്തെ താൻ ഒട്ടും കുറച്ചു കാണുന്നില്ല. സീരിയൽ അഭിനയം ഒട്ടും ഈസിയല്ലെന്നും ഒരുപാട് സമർപ്പണം അതിനുവേണമെന്നും നദിയ അഭിപ്രായപ്പെട്ടു.
1984ൽ ഫാസിലിന്റെ നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ഗേളിയായി പ്രേക്ഷകമനസിൽ കുടിയേറിയ നദിയ കരിയറും കുടുംബജീവിതവും വളരെ സമർത്ഥമായി കൊണ്ടുപോകുകയാണ് ഇപ്പോഴും. വിവാഹത്തിനുശേഷവും വർഷത്തിൽ ഒന്നോ രണ്ടോ സിനിമകളുമായ് തമിഴിലും തെലുങ്കിലുമൊക്കെ അവർ സാന്നിധ്യം നിലനിറുത്തി.
ഇപ്പോൾ മോഹൻലാലിനൊപ്പം നീരാളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ഒരിടവേളയ്ക്കുശേഷം മലയാളത്തിലും എത്തുന്നു.